എറണാകുളം: കേരളത്തിൽ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സംഘം രൂപീകരിക്കാൻ ശ്രമിച്ച കേസിൽ മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. നാളെയാണ് കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുന്നതിനായി വീണ്ടും ചോദ്യം ചെയ്യുക. ഇതിനായി സഹീറിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് സഹീർ തുർക്കിയെ എൻഐഎ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. എട്ട് മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യൽ. ഇതിന് ശേഷം തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി തിരിച്ചയക്കുകയായിരുന്നു.
ഭീകരവാദ കേസിൽ അറസ്റ്റിലായ നബീൽ അഹമ്മദിന്റെ അടുത്ത സുഹൃത്താണ് സഹീർ തുർക്കി. ഒളിവിൽ കഴിയാൻ ഉൾപ്പെടെ നബീലിന് സഹായം നൽകിയത് ഇയാളാണെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്നായിരുന്നു സഹീറിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റ പരിശോധനയും തുടരുകയാണ്. ഇതിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും ഇന്നലെ സഹീർ നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ തേടിയുമാകും ചോദ്യം ചെയ്യൽ.
കോയമ്പത്തൂരിന് സമീപം അന്നൂരിലായിരുന്നു നബീൽ ഒളിവിൽ കഴിഞ്ഞത്. ഇവിടുത്തെ ലോഡ്ജിൽ നൽകിയത് സഹീറിന്റെ പേരും മേൽവിലാസവുമാണ്. കഴിഞ്ഞ ദിവസം ലോഡ്ജിൽ എത്തിയ അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്. നബീലിന് സിം കാർഡ് എടുത്ത് നൽകിയതും ഒളിവിൽ പോകുമ്പോൾ സാമ്പത്തിക സഹായം നൽകിയതും സഹീറാണ്.
Discussion about this post