കൊച്ചി: സംവിധായകൻ കെജി ജോർജിന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ സംവിധായകനായിരുന്നു അദ്ദേഹം. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം മലായാള സിനിമാ മേഖലയിൽ വേറിട്ട പാത തുറന്നു. കെജി ജോർജിന്റെ പഞ്ചവടിപാലം സമകാലീന സാഹചര്യത്തിലും പ്രസക്തമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു
സ്വപ്നാടനവും യവനികയും ആദാമിന്റെ വിരിയെല്ലും ഉൾപ്പെടെ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും വ്യത്യസ്തതകൾ നിറഞ്ഞതാണ്. കെജി ജോർജിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കലാ ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു കെജി ജോർജ്ജിന്റെ അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 1968-ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടിയതിന് ശേഷമാണ് കെജി ജോർജ് മലയാള സിനിമാ മേഖലയിലേക്ക് കടന്ന് വരുന്നത്. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. 1976 ൽ സ്വപ്നാടനത്തിലൂടെ ആദ്യമായി സ്വതന്ത്ര സംവിധായകനായി. മികച്ച ചിത്രം, തിരക്കഥ എന്നിവയ്ക്കുള്ള 1975-ലെ സംസ്ഥാന പുരസ്‌കാരവും സ്വപ്നാടനം നേടി.
വ്യാമോഹം, രാപ്പാടികളുടെ ഗാഥ, ഓണപ്പുടവ, മണ്ണ്, ഇനി അവൾ ഉറങ്ങട്ടെ, ഉൾക്കടൽ എന്നീ ചിത്രങ്ങൾ തുടർന്ന് വന്നു. ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയ്ക്കുള്ള 1978 ലെ സംസ്ഥാന പുരസ്‌കാരം രാപ്പാടികളുടെ ഗാഥയ്ക്കായിരുന്നു.1982 ലാണ് യവനിക റിലീസ് ചെയ്യുന്നത്. തുടർന്ന് ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, കഥയ്ക്ക് പിന്നിൽ, മറ്റൊരാൾ, ഈ കണ്ണികൂടി, ഒരു യാത്രയുടെ അന്ത്യം തുടങ്ങിയ ചിത്രങ്ങൾ ചെയ്തു. ഇടവേളയ്ക്ക് ശേഷം 1998 ൽ ഇലവങ്കോട് ദേശം എന്ന ചിത്രത്തിലുടെ ഒരു തിരിച്ച് വരവിന് കെജി ജോർജ് ശ്രമിച്ചിരുന്നു. എന്നാൽ ചിത്രം പരാജയമാകുകായിരുന്നു. പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ. താര, ആരോൺ എന്നിവരാണ് മക്കൾ
Discussion about this post