ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിലുള്ള നയതന്ത്രബന്ധത്തിലാകെ വിള്ളൽ വീണിരിക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും ഈ പ്രശ്‌നത്തിൽ പരമാവധി അകലം പാലിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇപ്പോഴുള്ള നല്ല ബന്ധത്തിൽ ഏതെങ്കിലും തരത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം തയ്യാറല്ല.
ഇന്ത്യ കാനഡ ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യയെ പിന്തുണച്ച് മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കിൾ റൂബിൻ രംഗത്തെത്തിയിരുന്നു.ഇന്ത്യയുമായുള്ള ബന്ധമാണ് യുഎസിന് ഏറ്റവും പ്രധാനപ്പെട്ടത്. കാനഡയേക്കാൾ യുഎസ്സിന് ആവശ്യവും ഇന്ത്യയെയാണ്. കാനഡ ഇപ്പോൾ നടത്തുന്ന പോരാട്ടം ആനയ്ക്കെതിരെ ഉറുമ്പ് നടത്തുന്നത് പോലെയാണെന്നും റൂബിൻ പരിഹസിച്ചു. ജസ്റ്റിൻ ട്രൂഡോയുടെ അപ്രൂവൽ റേറ്റിംഗ് വളരെ മോശമാണെന്ന കാര്യം യുഎസ് ഓർക്കണമെന്നും റൂബിൻ പറഞ്ഞു.
കാനഡയിൽ ട്രൂഡോയുടെ ജനപ്രീതി ഇടിഞ്ഞ് വരികയാണ്. അധിക കാലം പ്രധാനമന്ത്രി പദത്തിൽ ട്രൂഡോ ഉണ്ടാവില്ല. അദ്ദേഹം ഭരണത്തിൽ നിന്ന് മാറിയ ശേഷം യുഎസിന് നല്ല ബന്ധം സ്ഥാപിച്ചെടുക്കാൻ സാധിക്കും.
ഇപ്പോൾ ഇന്ത്യയുമായുള്ള ബന്ധങ്ങളാണ് വലുത്. നിജ്ജാർ തീവ്രവാദിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയെ ഈ വിഷയത്തിൽ പിന്തുണയ്ക്കുന്നതാണ് നല്ലത്. കാരണം വളരെ പ്രധാനപ്പെട്ടതാണ് അവരുമായുള്ള ബന്ധം. നിജ്ജാറിനെ പോലുള്ളവരുടെ മനുഷ്യാവകാശത്തെ കുറിച്ചല്ല കാനഡ ചിന്തിക്കേണ്ടത്. പലതരം തീവ്രവാദി ആക്രമണങ്ങളുടെ ഭാഗമായ തീവ്രവാദിയാണ് നിജ്ജാർ എന്നായിരുന്നു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയത്. യുഎസ് ഭരണകൂടത്തിനും ഈ അഭിപ്രായത്തോട് വിയോജിപ്പില്ലെന്നാണ് വിലയിരുത്തൽ.
Discussion about this post