കൊച്ചി: സൗദി വനിതയുടെ പീഡന പരാതിയിൽ മല്ലു ട്രാവലർ വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ നടപടി കടുപ്പിച്ച് പോലീസ്. വിദേശത്ത് തുടരുന്ന ഷാക്കിറിനോട് എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. നിലവിൽ ഇയാൾ കാനഡയിലാണ് ഉള്ളത്. ഷാക്കിറിനെതിരെ എറണാകുളം സെൻട്രൽ പോലീസ് കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറിക്കിയിരുന്നു.
ഷാക്കിറിനെതിരെ നെടുമ്പാശേരി അടക്കമുള്ള വിമാനത്താവളങ്ങളിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ലുക്ക്ഔട്ട് നോട്ടീസ് കൈമാറിയ സാഹചര്യത്തിൽ ഇയാൾ തിരിച്ചെത്തിയാലുടൻ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ശേഷം പോലീസിനെ അറിയിക്കും.
എന്നാൽ തനിക്കെതിരെ ഉള്ളത് കള്ളക്കേസാണെന്നാണ് ഷാക്കിറിന്റെ വാദം. തനിക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി എന്നത് വ്യാജവാർത്തയാണെന്നും പോലീസോ കോടതിയോ വിളിപ്പിച്ചാൽ നാട്ടിലെത്തുമെന്നും ഇയാൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിൽ കുറിച്ചിരുന്നു. പരാതിക്കാരിയായ യുവതി കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയിലെത്തി രഹസ്യമൊഴി നൽകിയിരുന്നു. യുവതിയുടെ പരാതിയിൽ 354ാം വകുപ്പ് പ്രകാരമാണ് പോലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവദിവസം ഇരുവരും ഒരേ ടവർ ലൊക്കേഷനിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒപ്പം കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
Discussion about this post