തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യൽ തുടർന്ന് ഇഡി. തൃശ്ശൂർ സഹകരണ ബാങ്ക് ജില്ലാ സെക്രട്ടറി ബിനുവടക്കമുള്ളവരെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഹാജരാകാൻ ആവശ്യപ്പെട്ട് ഇവർക്ക് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.
ബാങ്കിൽ നടന്ന സംശയകരമായ പണമിടപാട് സംബന്ധിച്ച രേഖകൾ ഇഡിയുടെ പക്കലുണ്ട്. ഇതിന്റെ വിശദാംശങ്ങൾ അറിയുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ. കേസിലെ പ്രതി സതീഷ് കുമാർ നടത്തിയ പണമിടപാട് സംബന്ധിച്ച വിശദാംശങ്ങളും തേടും. അതേസമയം എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആലോചന തുടരുകയാണ്.
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന് പിന്നാലെ ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ സഹകരണ ബാങ്കിൽ നടത്തിയ അന്വേഷണത്തിൽ ചില ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ജില്ലാ സെക്രട്ടറിയെ വിളിപ്പിച്ചത്. ഇന്നലെ ബാങ്ക് പ്രസിഡന്റിനെ ചോദ്യം ചെയ്തിരുന്നു.
കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് കേസ് പ്രതികൾ ജില്ലാ സകരണ ബാങ്കിലും വായ്പ ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇഡി കൂടുതൽ വിശദാംശങ്ങൾ തേടും. ഭാരവാഹികൾക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നതും പരിശോധിക്കും.
Discussion about this post