സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ വർഷങ്ങളായി അധിക്ഷേപിക്കുന്ന ആളെ കണ്ടെത്തിയെന്ന് നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തനിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ ആളെയാണ് കണ്ടെത്തിയത്. മരിച്ചു പോയ അച്ഛനെ കുറിച്ച് വരെ മോശം കമന്റ് ഇട്ടെന്നും അതിന് ശേഷമാണ് താൻ അവരെ കണ്ടെത്തിയതെന്നും സുപ്രിയ പറയുന്നു. ആൾ ഒരു നഴ്‌സ് ആണെന്നും കൊച്ചുകുട്ടിയുണ്ടെന്നും പറഞ്ഞ സുപ്രിയ അവർക്കെതിരെ കേസ് കൊടുക്കണോ അതോ പൊതുസമൂഹത്തിന്റെ മുന്നിൽ എത്തിക്കണോ എന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
” നിങ്ങൾ എപ്പോഴെങ്കിലും സൈബർ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ടോ? എനിക്ക് കുറിച്ച് വർഷങ്ങളായി അത്തരമൊരു അനുഭവം ഉണ്ടാകുന്നുണ്ട്. വർഷങ്ങളായി ഒന്നിൽ കൂടുതൽ ഫേക്ക് ഐഡികളിൽ നിന്നും എനിക്ക് വേണ്ടപ്പെട്ടവരേയും എന്നെയും സൈബർ ബുള്ളിയിംഗ് ചെയ്ത് അപമാനിക്കുകയാണ്. കാലങ്ങളായി അത് കാര്യമാക്കാതെ വിട്ടതാണ്. പക്ഷേ ഇപ്പോൾ ഞാനവരെ കണ്ടെത്തിയിരിക്കുകയാണ്. മരിച്ചുപോയ എന്റെ അച്ഛനെ കുറിച്ച് വളരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് ഞാൻ അതിന് മുതിർന്നത്. രസകരമായ കാര്യം എന്താണെന്ന് വച്ചാൽ അവർ ഒരു നഴ്‌സ് ആണ്. അവർക്കൊരു കുഞ്ഞും ഉണ്ട്. അവർക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യണോ അതോ പൊതു ഇടത്തിൽ കൊണ്ടുവരണോ” എന്നാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ തന്റെ ആദ്യത്തെ കുറിപ്പിൽ പറയുന്നത്.
ആദ്യത്തെ കുറിപ്പിന് ലഭിച്ച പ്രതികരണങ്ങൾക്ക് മറുപടിയായിട്ടാണ് രണ്ടാമത്തെ കുറിപ്പ് ഇട്ടിരിക്കുന്നത്. ആദ്യത്തെ സ്റ്റോറി ഇട്ടതിന് പിന്നാലെ അവൾ മോശം കമന്റുകൾ എല്ലാം ഡിലീറ്റ് ചെയ്യുന്നുണ്ടെന്ന് ഈ കുറിപ്പിൽ പറയുന്നു. തന്റെ പക്കൽ എല്ലാ തെളിവുകളും ഉണ്ടെന്നും തുടർ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും സുപ്രിയ പറയുന്നു.
Discussion about this post