തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി സിപിഐ സംസ്ഥാസ കൗൺസിലിൽ. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെ മുഖം വികൃതമാണെന്നും തിരുത്താതെ ഈ രീതിയിൽ മുന്നോട്ട് പോയാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും സിപിഐ വിമർശിച്ചു.
മുഖ്യമന്ത്രിക്കു ലാളിത്യമില്ല. 50 അകമ്പടി വാഹനങ്ങളുമായുളള യാത്ര തെറ്റാണ്. എല്ലാത്തിനും മാധ്യമങ്ങളെ വിമർശിച്ചിട്ടു കാര്യമില്ല. മകളുടെ മാസപ്പടി ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും വിമർശനമുണ്ടായി.രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം സർക്കാർ ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തിൽ മന്ത്രിമാർ മണ്ഡലം സദസ്സിന് പോയിട്ട് ഒരു കാര്യവുമില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.മണ്ഡലസന്ദർശനത്തിൽ പൗരപ്രമുഖരെയല്ല മുഖ്യമന്ത്രിയും കൂട്ടരും കാണേണ്ടെന്ന് വിമർശനം ഉയർന്നു.
സിപിഐ മന്ത്രിമാരുടെ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ല. പട്ടിക്കുഞ്ഞു പോലും ഓഫീസുകളിൽ തിരിഞ്ഞു നോക്കുന്നില്ല. പാർട്ടി നേതൃത്വം ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി. റവന്യൂ, കൃഷി മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകാത്ത സ്ഥിതിയാണ്. മന്ത്രിമാർ ഒന്നും ചെയ്യാതെ തോന്നുംപോലെ പ്രവർത്തിക്കുകയാണെന്നും വിമർശനം ഉയർന്നു. മാങ്കോട് രാധാകൃഷ്ണനാണ് ഈ വിമർശനം ഉന്നയിച്ചത്.
സർക്കാരിന്റേയും പാർട്ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നുണ്ടെന്ന് യോഗത്തിൽ അജിത് കൊളാടി അഭിപ്രായപ്പെട്ടു. പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോൾ അനങ്ങാതിരുന്ന പാണ്ഡവരെ പോലെയാകരുത് പാർട്ടി നേതൃത്വം. ധർമ്മ സംരക്ഷണത്തിന് വിദുരരായി മാറണം. സിപിഐ നേതൃത്വം പടയാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സർക്കാർ.
Discussion about this post