മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള വിമാനം കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി. കാർഗോയുടെ ഭാഗത്ത് നിന്നും അപായ സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു വിമാനം വഴിതിരിച്ച് വിട്ട് കണ്ണൂരിൽ ഇറക്കിയത്. യാത്രികരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ദുബായിലേക്ക് രാവിലെയോടെ പുറപ്പെട്ട എയർ ഇന്ത്യ IX 345 വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്. പറന്നുയർന്നതിന് പിന്നാലെ അപായ സൂചന ലഭിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വിമാനം അടിയന്തിരമായി താഴെയിറക്കിയത്. രാവിലെ 9.53 നാണ് വിമാനം പുറപ്പെട്ടത്. തുടർന്ന് 11 മണിയോടെ കണ്ണൂരിൽ ഇറക്കുകയായിരുന്നു.
176 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കണ്ണൂരിൽ എത്തി നടത്തിയ പരിശോധനയിൽ അപായം ഒന്നും കണ്ടെത്തിയില്ല. അപായ സൂചന തെറ്റായിരുന്നു എന്ന് അധികൃതർ അറിയിച്ചു. എങ്കിലും വിശദമായ പരിശോധനയ്ക്കായി വിമാനം കണ്ണൂരിൽ തന്നെ നിർത്തിയിട്ടു. തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രികരെ ദുബായിലേക്ക് അയക്കുകയായിരുന്നു.
Discussion about this post