തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ കരുവന്നൂർ സഹകരണ ബാങ്ക് ഉൾപ്പെടെ സഹകരണ മേഖലയിലെ അഴിമതിയെയും സാമ്പത്തിക തട്ടിപ്പിനെയും ന്യായീകരിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളിലൂടെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങൾ. വൈകിട്ട് വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകർ ഇക്കാര്യം ചോദിച്ചപ്പോഴായിരുന്നു കരുവന്നൂരിലെയും സഹകരണ മേഖലയിലെയും കോടികളുടെ അഴിമതിയെ നിസ്സാരവൽക്കരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചത്.
ഒരു പാത്രം നിറയെ ചോറുണ്ട്. അതിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ കറുത്ത വറ്റെടുത്തിട്ട് ഇത് ആകെ മോശം ചോറാണെന്ന് പറയാൻ പറ്റുമോയെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആ കറുത്ത വറ്റ് അങ്ങ് എടുത്തുകളയുകയല്ലേ സാധാരണ എന്നും മുഖ്യമന്ത്രി പറഞ്ഞു. കരുവന്നൂരിലൂടെ കേരളത്തിലെ മുഴുവൻ സഹകരണ പ്രസ്ഥാനങ്ങളെ നമ്മൾ കാണണമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ഉദാഹരണം.
കരുവന്നൂർ തട്ടിപ്പിൽ ബാങ്ക് ഭരണസമിതിയുടെ ചുമതലയിലുളള നേതാക്കളെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ അഴിമതിയെ ലഘൂകരിക്കാൻ സിപിഎം ശ്രമം നടത്തിയിരുന്നു. ഇതാണ് മുഖ്യമന്ത്രിയും ആവർത്തിച്ചത്. ഇതിനെയാണ് ട്രോളൻമാർ വിമർശിച്ചതും. മുഖ്യമന്ത്രിയുടെ വാക്കുകളെ അതേപടി ചിത്രീകരിച്ചായിരുന്നു വിമർശനം.
ഒരു പാത്രത്തിൽ വെച്ചിരിക്കുന്ന ചോറും അതിലെ കറുത്ത വറ്റുമാണ് ഒരു ചിത്രത്തിൽ. മറ്റൊരു പാത്രത്തിൽ നിറയെ കറുത്ത വറ്റുകൾ മാത്രവും. ആദ്യത്തെ പാത്രത്തിന് മുകളിൽ പിണറായിയുടെ ഭാവനയിൽ എന്നും കറുത്ത വറ്റുകൾ നിറഞ്ഞ രണ്ടാമത്തെ പാത്രത്തിന് മുകളിൽ യഥാർത്ഥത്തിൽ സിപിഎം എന്നും എഴുതിയിരിക്കുന്നു. നാടുനീളെ സഹകരണ ബാങ്ക് ഭരണത്തിന്റെ മറവിൽ സിപിഎം നടത്തിയ കൊളളയും അഴിമതിയുടെ ആഴവുമാണ് ട്രോളുകളിൽ വായിച്ചെടുക്കാനാകുക.
കേരളത്തിലെ സഹകരണ പ്രസ്ഥാനം വലിയ സംഭാവന നാടിന് ചെയ്തുവെന്നും അതിൽ സാധാരണ ഗതിയിൽ നിന്ന് വഴിവിട്ട് സഞ്ചരിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ നടപടികൾ വേണമെന്നും അതിൽ അഭിപ്രായവ്യത്യാസമില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇഡി അറസ്റ്റ് ചെയ്ത വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ പിആർ അരവിന്ദാക്ഷനെ ഉൾപ്പെടെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്.
ബാങ്കിംഗ് അക്കൗണ്ടുകൾ നമ്മുടെ നാട്ടിൽ സാർവത്രികമാക്കിയത് സഹകരണ മേഖലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഈ മേഖല കുറച്ചുനാൾ മുൻപേ ചിലരുടെ മനസ്വാസ്ഥ്യം കെടുത്തുന്നതായി മാറി. ക്രമക്കേടുകൾ പല രീതിയിലാണ് സംഭവിക്കുന്നത്. പക്ഷെ സഹകരണ മേഖല മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
Discussion about this post