കായംകുളം; മണ്ഡലത്തിലെ ടൂറിസം വികസനത്തിന് വേണ്ടത്ര ഫണ്ട് നൽകുന്നില്ലെന്ന ആരോപണത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയല്ല ഉദ്ദേശിച്ചതെന്ന് കായംകുളം എംഎൽഎ യു പ്രതിഭ. നിയമസഭയിലുൾപ്പെടെ എംഎൽഎമാരോട് അങ്ങേയറ്റം സ്‌നേഹപൂർവ്വം പെരുമാറുന്ന മന്ത്രിയാണ് അതിലുപരി ഞങ്ങളുടെ പ്രിയപ്പെട്ട സഖാവാണ് റിയാസെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ നൽകിയ വിശദീകരണത്തിൽ എംഎൽഎ പറഞ്ഞു.
ആലപ്പുഴയുടെ ടൂറിസം വികസനം പുന്നമട കായലും ആലപ്പുഴ ബീച്ചും മാത്രമല്ലെന്ന് തുറന്നടിച്ചായിരുന്നു പ്രതിഭയുടെ വിമർശനം. ഇത് സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. കായംകുളത്തെ ടൂറിസം വികസനത്തിൽ വകുപ്പ് ഒരു ശ്രദ്ധയും പതിപ്പിക്കുന്നില്ലെന്നും എംഎൽഎ ആരോപിച്ചിരുന്നു. കേരളത്തിലെ പാലങ്ങൾക്കടിയിൽ പോലും ടൂറിസം വികസന പദ്ധതികൾ കൊണ്ടുവരുന്നതായി അവകാശപ്പെട്ടിരുന്ന മന്ത്രി മുഹമ്മദ് റിയാസിനും ഭരണപക്ഷ എംഎൽഎയുടെ ആരോപണം തിരിച്ചടിയായി. ഇതോടെ പാർട്ടി തലത്തിലും എംഎൽഎയ്ക്ക് മേൽ സമ്മർദ്ദമുണ്ടായി എന്നാണ് സൂചന.
തന്റെ വാക്കുകൾ മന്ത്രിക്കെതിരായ ആരോപണം എന്ന തലത്തിലേക്ക് പോകണ്ടെന്നും അങ്ങനെയാണെങ്കിൽ ജലസേചന വകുപ്പിനെതിരെ താൻ എപ്പോഴും ആരോപണം ഉന്നയിക്കുന്നുണ്ടെന്നും പ്രതിഭ വിശദീകരിക്കുന്നു. കായംകുളം മണ്ഡലത്തിൽ ഒട്ടേറെ ചെറിയ ചെറിയ ജലസ്രോതസുകളുണ്ട്. രണ്ട് മഴ പെയ്താൽ മലയിൻകനാലിന്റെ സൈഡിലുളള പല വീടുകളും വെളളത്തിനടിയിലാണ്. ആലപ്പുഴയിൽ 50 ലക്ഷം അനുവദിച്ചാൽ അതിൽ ഒരു അര ലക്ഷമായിരിക്കും കായംകുളത്തിന് കിട്ടുക. ഇതൊന്നും ഏതെങ്കിലും വകുപ്പ് മന്ത്രിയുടെ പ്രശ്‌നം ആണെന്നല്ല വകുപ്പ് ഭരിക്കുന്ന ചില ഉദ്യോഗസ്ഥൻമാരുടെ താൽപര്യങ്ങൾ അതിന് പിന്നിലുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും എംഎൽഎ പറഞ്ഞു.
കായംകുളം ഭാഗത്തേക്ക് വന്ന ടൂറിസം ഫണ്ട് പരിശോധിച്ചാൽ നമുക്ക് അറിയാം. ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ തോതിലുളള അവമതിപ്പ് എംഎൽഎ എന്ന രീതിയിൽ ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്നു. ഒരുപാട് ആക്ഷേപങ്ങൾ അവിടെയും ഇവിടെയും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ നിജസ്ഥിതി അറിയണം. ഫണ്ട് അനുവദിക്കുമ്പോൾ അത് ജില്ലയിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് പോകുന്നുണ്ടോ എന്ന ആശങ്ക ഞാൻ പ്രകടിപ്പിക്കുകയും അത് ശരിയല്ലെന്ന് പറയുകയുമാണ് ചെയ്തിട്ടുളളത്. എംഎൽഎ എന്ന രീതിയിൽ താൻ പറയുന്നതാണ്. അത് വ്യക്തിപരമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
Discussion about this post