കൊല്ലം: കൊല്ലം ചാത്തന്നൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്നു കോൾഡ് സ്‌റ്റോറേജ് ഭക്ഷ്യ സുരക്ഷാ ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചു. ചാത്തന്നൂർ-പറവൂർ റോഡിൽ മീനാട് ഭാഗത്ത് കോഴിയിറച്ചി വിൽക്കുന്ന ഫ്രോസൺ ഫുഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണ് പൂട്ടിയത്. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയപ്പോൾ തന്നെ സ്ഥാപനത്തിൽ നിന്നും രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു.
എന്നാൽ ഇത് പൂട്ടിയിട്ട നിലയിലായിരുന്നു. ഫീൽഡ് വർക്ക് നടത്തിയിരുന്നവർ ഉടനെ തന്നെ ഈ വിവരം ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രൂക്ഷമായ ദുർഗന്ധം പരത്തുന്ന അവസ്ഥയിൽ കോഴിയിറച്ചി സൂക്ഷിച്ചത് കണ്ടെത്തിയത്. പന്ത്രണ്ടിലേറെ വലിയ ഫ്രീസറുകളായി രണ്ടായിരം കിലോ കോഴിയിറച്ചിയാണ് ഉണ്ടായിരുന്നത്. കോഴിയെ ഡ്രസ് ചെയ്ത് പായ്ക്കറ്റുകളിലാക്കി വച്ചിരിക്കുകയായിരുന്നു.
തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച് കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ഇവ വിതരണം ചെയ്ത് വരികയായിരുന്നുവെന്നാണ് ഇവിടെ ഉണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞത്. ഫ്രീസറിനുള്ളിലും രൂക്ഷമായ ദുർഗന്ധമാണ് ഉണ്ടായിരുന്നത്. പുഴുവരിക്കുന്ന രീതിയിൽ മലിനജലം കെട്ടിനിൽക്കുന്ന അവസ്ഥയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. ഒരു വർഷമായി ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ് തുടങ്ങിയവരുടെ രേഖകൾ ഇല്ലെന്നും അധികൃതർ പറഞ്ഞു.
Discussion about this post