ലഷ്‌കർ ഭീകരൻ ഹാഫിസ് സെയ്ദിന്റെ മക്കളിലൊരാളായ കമാലുദ്ദീൻ സെയ്ദ് കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം. കമാലുദ്ദീൻ സയീദിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന ആരോപണം പുറത്ത് വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത്. പാകിസ്താനിലെ പെഷവാറിൽ കമാലുദ്ദീന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് പ്രചാരണം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.
ക്രൂരമായ പീഡനത്തിന് ഇരയാക്കിയാണ് കമാലുദ്ദീനെ കൊലപ്പെടുത്തിയതെന്നും, മൃതദേഹത്തിന്റെ പല ഭാഗങ്ങളിലും വലിയ ചതവുകൾ കാണുന്നുണ്ടെന്നും സമൂഹമാദ്ധ്യമങ്ങളിൽ ആളുകൾ പറയുന്നുണ്ട്. ഐഎസ്‌ഐ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയതായും ഇവർ ചൂണ്ടിക്കാണിക്കുന്നു.
കമാലുദ്ദീൻ സെയ്ദിനെ കാണാതായതായി നേരത്തേയും വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ആരാണ് തട്ടിക്കൊണ്ട് പോയതെന്നോ ലക്ഷ്യം എന്താണെന്നോ ഉള്ള കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല. കമാലുദ്ദീൻ സയീദിനെ കണ്ടെത്താൻ ഐഎസ്ഐക്ക് കഴിഞ്ഞില്ലെന്നും പാകിസ്താനിലെ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Discussion about this post