റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഐഇഡി സ്‌ഫോടനത്തിൽ ജവാൻ വീരമൃത്യുവരിച്ചു. സിആർപിഎഫ് കോബ്രായൂണിറ്റിലെ അംഗമായ രാജേഷ് കുമാർ ആണ് വീരമൃത്യുവരിച്ചത്. സംഭവത്തിൽ സിആർപിഎഫ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. റാഞ്ചിയിലെ ജാഗുറിലായിരുന്നു സംഭവം. തുംബഹാക്ക- സുരജാബുരു വനമേഖലയിൽ കമ്യൂണിസ്റ്റ് ഭീകരർ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിലിനായി പോലീസിനൊപ്പം എത്തിയതായിരുന്നു രാജേഷ് കുമാറും സംഘവും. ഇതിനിടെ മേഖലയിൽ സ്ഥാപിച്ച ഐഇടി പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തിൽ രാജേഷ് കുമാറിന് സാരമായി പരിക്കേറ്റു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആക്രമണത്തിൽ ഇൻസ്‌പെക്ടർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് നടത്തിയ പരിശോധനയിൽ സുരക്ഷാ സേന വൻ ഐഇഡി ശേഖരം കണ്ടെത്തിയിരുന്നു.
അതേസമയം ആക്രമണത്തിന് ഉത്തരവാദികളായ കമ്യൂണിസ്റ്റ് ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾ സുരക്ഷാ സേന ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
Discussion about this post