എറണാകുളം: കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അദ്വൈത്, അജ്മൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. മെയിൽ നഴ്‌സും മെഡിക്കൽ വിദ്യാർത്ഥിയും ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൊച്ചിയിൽ ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷം കൊടുങ്ങല്ലൂരിലേക്ക് തിരികെ പോകുകയായിരുന്നു ഇവർ. ഇതിനിടെ ഗോതുരുത്ത് കടൽവാതുതുരുത്ത് പുഴയിലേക്ക് വാഹനം വീഴുകയായിരുന്നു. ഗൂഗിൾ മാപ്പ് നോക്കിയാണ് സംഘം വാഹനം ഓടിച്ചിരുന്നത്.
നിലവിൽ എറണാകുളം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടാകുന്നത്. മഴയിൽ കാഴ്ച മങ്ങിയതിനെ തുടർന്നാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. പുഴയിൽ വീണതും നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും നില തൃപ്തികരമാണ്. അദ്വൈതിന്റെയും അജ്മലിന്റെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
Discussion about this post