എറണാകുളം: മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കുഞ്ഞിന് പേരിട്ട് ഹൈക്കോടതി. നാല് വയസ്സുള്ള കുട്ടിയ്ക്കാണ് പാരൻസ് പാട്രിയ എന്ന നിയമാധികാരം ഉപയോഗിച്ച് ഹൈക്കോടതി പേര് നൽകിയത്. പേരിനെ ചൊല്ലി തർക്കം നിലനിന്നിരുന്നതിനാൽ കുട്ടിയ്ക്ക് ജനന സർട്ടിഫിക്കറ്റിൽ പേര് നൽകാൻ കഴിയാതെ വരികയും ഇതേ തുടർന്ന് കുട്ടിയുടെ വിദ്യാഭ്യാസം പ്രതിസന്ധിയിൽ ആകുകയും ചെയ്തിരുന്നു. ഇതേ തുടർന്നായിരുന്നു ഹൈക്കോടതി തന്നെ പേര് നിർദ്ദേശിച്ചത്.
നിലവിൽ മാതാവിനൊപ്പമാണ് കുട്ടി താമസിക്കുന്നത്. തീരുമാനം ആകാത്തതിനെ തുടർന്ന് കുട്ടിയുടെ ജനന സർട്ടിഫിക്കേറ്റിൽ പേര് ഉൾപ്പെടുത്തിയിരുന്നില്ല. പേരില്ലാത്ത ജനന സർട്ടിഫിക്കേറ്റ് സ്വീകരിക്കാൻ സ്‌കൂളുകൾ വിസമ്മതിച്ചതോടെ മാതാവ് പേര് നിശ്ചയിക്കുകയും രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ രജിസ്‌ട്രേഷന്റെ സമയത്ത് മാതാവിനോടും പിതാവിനോടും ഒരുമിച്ച് ഹാജരാകാൻ രജിസ്ട്രാർ നിർദ്ദേശിച്ചു. ഇവിടെവച്ച് അമ്മ നിർദ്ദേശിച്ച പേര് നൽകാൻ അച്ഛൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ മാതാവ് കുടുംബ കോടതിയെ സമീപിച്ചു. എന്നാൽ ഫലം കാണാതിരുന്നതോടെ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
ഹർജി പരിഗണിച്ച ഹൈക്കോടതി പേരില്ലാത്തത് കുട്ടിയുടെ ക്ഷേമത്തിന് നല്ലതല്ലെന്ന് നിരീക്ഷിച്ചു. ഇതോടെ പേര് നൽകുകയായിരുന്നു. മാതാവും പിതാവും നിർദ്ദേശിച്ച പേരുകൾ ഒപ്പം ചേർത്തായിരുന്നു കോടതി കുട്ടിയ്ക്ക് പേര് നൽകിയത്. കുട്ടി നിലവിൽ മാതാവിനൊപ്പം തുടരുന്നതിനാൽ അവരുടെ പേരിന് മുൻഗണന നൽകാമെന്നും കോടതി നിർദ്ദേശിച്ചു. പേരിൽ എതിർപ്പുണ്ടെങ്കിൽ ഹർജിക്കാരിയ്ക്ക് പുതിയ അപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി.
Discussion about this post