മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിലെ വില്ലൻ കഥാപാത്രം മറ്റൊരു ചിത്രത്തിലെ നായകനായി വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ആക്‌ഷൻ എന്റർടെയ്നർ ‘മാർക്കോ’ ആണ് മലയാള സിനിമയിൽ പുതിയ തുടക്കം സൃഷ്ടിക്കുന്നത്. മിഖായേല്‍ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണിത്. 30 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും അബ്ദുള്‍ ഗദാഫും ചേർന്നാണ് നിർമ്മിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ മിഖായേലിലെ മാർക്കോയുടെ തീം മ്യൂസിക് ഉൾപ്പെടുത്തി റിലീസ് ചെയ്തു.
ഉണ്ണി മുകുന്ദന്റെ ഫിലിം കരിയറിലെ വ്യത്യസ്തമായ സ്റ്റൈലിഷ് വില്ലൻ വേഷങ്ങളിലൊന്നായിരുന്ന മാർക്കോ ഏറെ പ്രേക്ഷക പ്രശംസ നേടി ആരാധകരെ സൃഷ്ടിച്ചിരുന്നു. മുഴുനീള കഥാപാത്രമായി ഈ ചിത്രത്തിലൂടെ മാർക്കോ വീണ്ടുമെത്തുമ്പോൾ പുതിയൊരു ചലച്ചിത്ര കീഴ്വഴക്കത്തിന് തുടക്കമിട്ടിരിക്കുകയാണ് സംവിധായകനായ ഹനീഫ് അദേനി. മലയാളത്തിൽ നിന്നുള്ള ഏറ്റവും വയലൻസ് നിറഞ്ഞ സിനിമകളിലൊന്നാവും മാർക്കോ എന്നാണ് അണിയറ പ്രവർത്തകരുടെ വാക്കുകളിൽ നിന്നും മനസിലാവുന്നത്.












