കോഴിക്കോട്: തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമാണെന്ന തരത്തിൽ ഒരു വേദിയിൽ അഡ്വ. അനിൽകുമാർ നടത്തിയ പരാമർശം സി പി എമ്മിന്റെ അഭിപ്രായമാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ഡോ. കെ ടി ജലീൽ എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലരുടെ വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പർദ്ദയിട്ട മുസ്ലീം സഹോദരിയെ വർഷങ്ങളായി തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറാക്കിയ പാർട്ടിയാണ് സി പി എം എന്നും സ്വതന്ത്രചിന്ത എന്നാൽ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ലെന്ന് കെടി ജലീൽ പറഞ്ഞു.
Discussion about this post