ലോകത്ത് അടുത്തിടെയായി കരൾരോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മരണത്തിന്റെ അഞ്ചാമത്തെ കാരണമാണത്രേ കരൾരോഗം. അത് കൊണ്ട് തന്നെ ശരീരം തരുന്ന ഓരോ ലക്ഷണവും നിസാരമായി കരുതാതെ പരിശോധന നടത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കേണ്ടതാണ്.
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് കരൾ രോഗത്തിന്റെ ലക്ഷണങ്ങളിൽ മുന്നിൽ നിൽക്കുന്നത്. രണ്ട് തരത്തിലാണ് കരൾ വീക്കം ഉള്ളത്. മദ്യപിക്കുന്നവരിൽ ഉണ്ടാവുന്നതും മദ്യപിക്കാത്തവരിൽ ഉണ്ടാവുന്നതും. കരൾ വീക്കവുമായി ബന്ധപ്പെട്ട് ശരീരം പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. ഇത് തിരിച്ചറിഞ്ഞ് ചികിത്സ തേടുകയാണ് വേണ്ടത്.
കരൾവീക്കത്തിന്റെ പ്രാരംഭലക്ഷണങ്ങളിലൊന്നാണ് വയർവീക്കുന്നതിനെ കണക്കാക്കുന്നത് വയറിൽ ദ്രാവകം നിറയുന്നതിനെ അസൈറ്റ്സ് എന്ന് വിളിക്കുന്നു. പലപ്പോഴും സമ്മർദ്ദം വർദ്ധിക്കുന്നതിന്റെ ഫലമായി സിരകളിൽ നിന്ന് വയറിന്റെ അറയിലേക്ക് ദ്രാവകം ഒഴുകുകയും ഇത് വീക്കത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
കാലുകളും കണങ്കാലുകളും വീക്കമുള്ളത് പോലെ അനുഭവപ്പെടുകയാണെങ്കിൽ സൂക്ഷിക്കണം, കരളിന്റെ തകരാറിനെയാണ് ഇത് സൂചിപ്പിക്കുന്നത്. കരളിന്റെ സിരയിൽ സമ്മർദ്ദം വർദ്ധിക്കുന്നതിന്റെ ഫലമായി രക്തം എത്തിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവുന്നു. ഇതിന്റെ ഫലമായി കാലുകൾക്ക് ചുറ്റുമുള്ള ടിഷ്യൂകളിൽ ദ്രാവകം അടിഞ്ഞ് കൂടുന്നത് മൂലമാണ് എഡിമ എന്ന അവസ്ഥയുണ്ടാവുന്നത്.
കരൾവീക്കമുണ്ടെങ്കിൽ പാദത്തിന്റെ അടിഭാഗവും ലക്ഷണങ്ങൾ കാണിക്കും. രോഗം ഗുരുതരമെങ്കിൽ കൈകളും വീക്കം വയ്ക്കുന്നു. കരൾ പ്രവർത്തന വൈകല്യം മൂലം കൈകളിൽ ദ്രാവകം നിലനിർത്തുന്നത് വീക്കത്തിന് കാരണമാകുന്നു. ഇത്തരം ലക്ഷണങ്ങൾ ഒന്നും തന്നെ നിസ്സാരമാക്കി വിടരുത്.
ഫാറ്റി ലിവർ രോഗമുള്ള പുരുഷന്മാരിൽ പെട്ടെന്ന് കാണപ്പെടുന്ന ഒന്നാണ് നെഞ്ചിലും സ്തനങ്ങളിലും ഉള്ള നീര്. കരൾ രോഗവുമായി ബന്ധപ്പെട്ട ഹോർമോൺ തകരാറുകളുടെ ഫലമായാണ് ഇത് സംഭവിക്കുന്നത്.
ഇത് കൂടാതെ കരള്‍ രോഗികള്‍ മറവി, പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റം തുടങ്ങിയവ മുതല്‍ അബോധാവസ്ഥവരെയുള്ള പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. ഇതുകൂടാതെ കരള്‍വീക്കത്തില്‍ മഞ്ഞപിത്തം, ചൊറിച്ചില്‍, രാത്രിയില്‍ ഉറക്കക്കുറവ്, ഭാരക്കുറവ്, പനി തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നു. പലരോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ കാണില്ലെന്നതും ശ്രദ്ധേയമാണ്.
Discussion about this post