ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എൻഡിഎയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തികളോട് യോജിക്കാൻ കഴിയാത്തതിനാൽ അതിന് അനുവദിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എൻഡിഎയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് ചന്ദ്രശേഖര റാവു രംഗത്ത് എത്തിയത്. തിരഞ്ഞെടുപ്പിൽ ഏവരെയും ഞെട്ടിച്ച് ബിജെപി 48 സീറ്റുകൾ സ്വന്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് താൻ സംസ്ഥാനത്ത് എത്തുമ്പോഴെല്ലാം അദ്ദേഹമായിരുന്നു സ്വീകരിക്കാറുണ്ടായിരുന്നത്. എന്നാൽ അതിന് ശേഷം അത് നിർത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം തന്നെ കാണാൻ ഡൽഹിയിൽ എത്തിയിരുന്നു. ഇതിന് ശേഷം പിന്തുണയ്ക്കണമെന്നും എൻഡിഎയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ തന്റെ മറുപടി അനുകൂലമായിരുന്നില്ല. നിങ്ങളുടെ ചെയ്തികളോട് യോജിക്കാൻ പ്രയാസമുണ്ടെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post