തിരുവനന്തപുരം: തെക്കൻ കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു.
തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യെല്ലോ അലർട്ട് ഇല്ലെങ്കിലും മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ മഴ ലഭിക്കും. അതിനാൽ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെയും തെക്കൻ കേരളത്തിൽ അതിശക്തമായ മഴയായിരുന്നു ലഭിച്ചിരുന്നത്. ശക്തമായ മഴയിൽ തിരുവനന്തപുരത്ത് പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് നിലവിൽ കേരളത്തിൽ മഴയ്ക്ക് കാരണം ആകുന്നത്. അടുത്ത അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരും. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളോടും തീരമേഖലകളിൽ താമസിക്കുന്നവരോടും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ശക്തമായ മഴയായിരുന്നു ലഭിച്ചിരുന്നത്. പലഭാഗങ്ങളിലും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്ന് ഭൂരിഭാഗം സ്ഥലങ്ങളിലും തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
Discussion about this post