ഗുവാഹട്ടി : മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. അസമിലെ സിൽച്ചാറിലാണ് സംഭവം. രതൻ ദാസിന്റെ (29) ആറ് മാസം ഗർഭിണിയായ ഭാര്യയാണ് പ്രസവിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രതൻ ദാസ് ഭാര്യയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. അമ്മയെ അല്ലെങ്കിൽ കുഞ്ഞിനെ, ഒരാളെ മാത്രമേ ജീവനോടെ ലഭിക്കൂ എന്നാണ് ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് ശസ്ത്രക്രിയ നടത്തി.
പ്രസവത്തിന് ശേഷം കുഞ്ഞിന്റെ ചലനമറ്റ ശരീരമാണ് തങ്ങൾക്ക് ലഭിച്ചത് എന്ന് രതൻ ദാസ് പറഞ്ഞു. ഇന്ന് രാവിലെയോടെ കുഞ്ഞിന്റെ മരണ സർട്ടിഫിക്കേറ്റ് ഉൾപ്പെടെ അവർ നൽകി. കുഞ്ഞിന്റെ ശരീരം ഒരു പാക്കറ്റിൽ പൊതിഞ്ഞാണ് ആശുപത്രി അധികൃതർ നൽകിയത് എന്ന് അച്ഛൻ രതൻ ദാസ് പറഞ്ഞു.
കുടുംബം സിൽച്ചാൽ ശ്മശാനത്തിൽ എത്തിയ ശേഷം സംസ്‌കാരത്തിനായി പായ്ക്കറ്റ് തുറന്നപ്പോഴാണ് കുട്ടി കരയുന്നത് കണ്ടത്. ഉടൻ തന്നെ കുഞ്ഞിനെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് ഓടി. നിലവിൽ കുഞ്ഞ് നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.
ഇതിന് പിന്നാലെ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. രതൻ ദാസിന്റെ കുടുംബം ആശുപത്രിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
Discussion about this post