എറണാകുളം: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ വീണ്ടും അയോഗ്യൻ. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് വീണ്ടും മുഹമ്മദ് ഫൈസൽ അയോഗ്യനായത്. മുൻ കേന്ദ്രമന്ത്രി പിഎം സെയ്ദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്നാണ് മുഹമ്മദ് ഫൈസലിനെതിരായ കേസ്.
കരവത്തി കോടതിയാണ് കേസിൽ മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ എംപി സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. ഇതേ തുടർന്ന് എംപി സ്ഥാനം പുന:സ്ഥാപിച്ചു. എന്നാൽ ഇതിന് ശേഷം കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വരികയായിരുന്നു.
വധ ശ്രമക്കേസിൽ കുറ്റക്കാരൻ ആണെന്നതിന് ഫൈസലിനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ആവശ്യം തള്ളിയത്. ഇതിന് പിന്നാലെ അയോഗ്യനാക്കി വീണ്ടും ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അതേസമയം 10 വർഷം തടവ് വിധിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്.
2009 ലായിരുന്നു മുഹമ്മദ് ഫൈസലിനെതിരെ കേസ് എടുക്കാൻ ഇടയായ സംഭവം ഉണ്ടായത്. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയായിരുന്നു സാലിഹിനെ ഫൈസൽ ആക്രമിച്ചത്. കേസിൽ മൂന്ന് പേർകൂടി പ്രതികളാണ്.
Discussion about this post