കോഴിക്കോട്: വൈദികനെ വിചാരണ ചെയ്യാൻ മത കോടതിയുമായി താമരശ്ശേരി രൂപത. നേതൃത്വത്തെ വിമർശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യുന്നതിന് വേണ്ടിയാണ് താമരശ്ശേരി രൂപതയുടെ വിചിത്ര നടപടി. രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചിനാനീയിൽ ആണ് മതകോടതി രൂപീകരിച്ച് ഉത്തരവ് ഇറക്കിയത്.
ഫാദർ അജി പുതിയാപറമ്പിലാണ് നേതൃത്വത്തെ വിമർശിച്ചത്. ഇതിന് പിന്നാലെ അജി പുതിയാപറമ്പിലിനെതിരെ താമരശ്ശേരി രൂപത നടപടി സ്വീകരിക്കുകയായിരുന്നു. പ്രധാനമായും മൂന്ന് കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാർ സഭ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തുഎന്നിങ്ങനെയാണ് ചുമത്തിയ കുറ്റങ്ങൾ.
ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആൻറണി വരകിൽ എന്നിവരാണ് സഹ ജഡ്ജിമാർ. അതേസമയം, സംഭവത്തിൽ പ്രതികരിച്ച് വൈദികൻ രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മത കോടതി എന്ന് ഫാദർ അജി പുതിയാപറമ്പിൽ പറഞ്ഞു. സഭയ്ക്കുള്ളിലെ അഴിമതി, ജീർണത എന്നിവ തുറന്നു കാണിച്ചതിന് ആണ് നടപടി. സഭയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും, വിവിധ നിയമനങ്ങളിലെ കോഴയെയും എതിർത്തിട്ടുണ്ട്. കുറ്റ വിചാരണ കോടതി സ്ഥാപിച്ചത് തന്നെ പുറത്താക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചു.












