തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചഭാഷിണികളുടെ ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കി സർക്കാർ. ഉച്ചഭാഷിണികൾ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ആരാധനാലയങ്ങൾക്ക് നോട്ടീസ് നൽകി. 24 മണിക്കൂറിനുള്ളിൽ മുഴുവൻ ഉച്ചഭാഷിണികളും നീക്കം ചെയ്യണം എന്നാണ് നിർദ്ദേശം.
ഉച്ചഭാഷിണികളുടെ ഉപയോഗം ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന് കാട്ടി ആഭ്യന്തര വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇതിലാണ് നടപടി. 250 ഓളം ആരാധനാലയങ്ങൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനവും ഈ മാസം ആദ്യവുമായാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
ശബ്ദമലിനീകരണത്തെ തുടർന്ന് ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് നേരത്തെ തന്നെ ആരാധനാലയങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ വീണ്ടും ഉപയോഗം തുടർന്നു. ഇതിനെതിരെയാണ് തിരുവനന്തപുരം സ്വദേശി പോലീസിൽ പരാതി നൽകിയത്. എസ്‌ഐമാരും എസ്എച്ച്ഒമാരുമാണ് നോട്ടീസ് നൽകുന്നത്. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ക്ഷേത്രങ്ങൾ, മസ്ജിദുകൾ, പള്ളികൾ എന്നിവയ്ക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
Discussion about this post