ജെറുസലേം; പലസ്തീൻ ഭീകരരായ ഹമാസ് രാജ്യത്ത് നുഴഞ്ഞു കയറി ആക്രമണം നടത്തിയതോടെ യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേൽ. ഗാസ മുനമ്പിൽ നിന്നും ഇസ്രായേൽ ലക്ഷ്യമാക്കി ഹമാസിന്റെ തുടർച്ചയായ റോക്കറ്റാക്രമണം ഉണ്ടായതോടെയാണ് യുദ്ധപ്രഖ്യാപനം. ഗാസ മുനമ്പിലെ ഹമാസ് ഗ്രൂപ്പിനെതിരെ ‘ഓപ്പറേഷൻ അയൺ സ്വോർഡ്’ എന്ന പേരിലാണ് ഇസ്രായേൽ യുദ്ധം ആരംഭിച്ചിരിക്കുന്നത്. 20 മിനിറ്റിനുള്ളിൽ ഏതാണ്ട് 5000ത്തോളം റോക്കറ്റുകൾ ഇസ്രായേലിലേയ്ക്ക് തൊടുത്തതായാണ് ഹമാസിന്റെ അവകാശവാദം.
റോക്കറ്റാക്രമണത്തിന് പിന്നാലെ യുദ്ധ കാഹളം മുഴക്കി ഇസ്രായേൽ നഗരങ്ങളിൽ സൈറൺ മുഴങ്ങി. അടിയന്തര യോഗം വിളിച്ച ഇസ്രായേൽ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചിക്കുകയായിരുന്നു. സ്റ്റേറ്റ് ഓഫ് വാർ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ വ്യോമാക്രമണവും മിന്നൽവേഗത്തിൽ ആരംഭിച്ചു.
ഇതിനിടെ ഇസ്രായേലിന് നേരെ നടന്നത് ആദ്യപ്രഹരം മാത്രമാണെന്നാണ് ഹമാസിന്റെ പ്രതികരണം. ഓപ്പറേഷൻ അൽ അക്സാ ഫ്ളഡ് എന്നാണ് ഇസ്രായേലിന് എതിരായ ആക്രമണത്തിന് ഹമാസ് പേരിട്ടിരിക്കുന്നത്.പാരാഗ്ലൈഡേഴ്സ് അടക്കം ഉപയോഗിച്ചായിരുന്നു ഹമാസ് ആക്രമണം എന്നാണ് പുറത്ത് വരുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
ഗാസയോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലുള്ളവർ ആരും പുറത്തിറങ്ങരുതെന്ന് ഇസ്രായേൽ സൈന്യം നിർദേശിച്ചിട്ടുണ്ട്. ഗാസയിലെ ജനങ്ങൾ തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ബോംബ് ഷെൽട്ടറുകളിൽ കയറണം എന്നും ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു.
Discussion about this post