കോഴിക്കോട്; സമസ്ത നേതാവ് ഉമർ ഫൈസിയുടെ അഴിഞ്ഞാട്ടക്കാരി പരമാർശത്തിന് എതിരെ തട്ടം നീക്കം പ്രതിഷേധിച്ച് സാമൂഹ്യപ്രവർത്തക വിപി സുഹറ. നല്ലളം സ്‌കൂളിൽ നടന്ന കുടുബശ്രീ തിരികെ സ്‌കൂളിലേക്ക് എന്ന പരിപാടിക്കിടെയാണ് ഇവർ പ്രതിഷേധിച്ചത്.
പരിപാടിയിൽ അതിഥിയായി എത്തിയ സുഹറ പ്രസംഗത്തിനിടെ ഉമർ ഫൈസിയുടെ പരാമർശം ചൂണ്ടിക്കാട്ടി തട്ടം മാറ്റി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ പിടിഎ പ്രസിഡന്റ് ഷാഹുൽ ഹമീദ് ഇതിനെ എതിർത്ത് രംഗത്തെത്തി. പരിപാടിയിൽ നിന്ന് പോകാൻ സംഘാടകർ സുഹറയോട് ആവശ്യപ്പെടുകയായിരുന്നു.
തട്ടം മാറ്റിയാൽ താൻ സുഹറയല്ലാതായി പോകുമോ, നരകത്തിലേക്ക് നേരെ കൊണ്ടുപോകുമോ. നരകത്തിൽ പോകുന്ന 70 ശതമാനം സ്ത്രീകളാണെന്നാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. പുരുഷന്മാർ എന്ത് ചെയ്താലും അവർക്ക് ശിക്ഷയില്ല. തലയിൽ തട്ടമിടാത്ത ആൾക്കാരാണ് നരകത്തിൽ കൂടുതലെന്നാണ് പഠിപ്പിക്കുന്നതെന്ന് സുഹറ പറഞ്ഞു.
കാലാകാലങ്ങളായും മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഉമർ ഫൈസി പറഞ്ഞത് അഴിഞ്ഞാട്ടക്കാരികളാണെന്നാണ് . അഴിഞ്ഞാട്ടം എന്ന് പറയുന്നതിന് പല അർത്ഥങ്ങളുണ്ട്. അതെല്ലാവർക്കും അറിയാവുന്നതാണെന്നും സുഹ്റ ചൂണ്ടിക്കാണിച്ചു.
തട്ടവും പർദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് വിമർശനം ഉന്നയിച്ചാലും എതിർക്കുമെന്നുമായിരുന്നു സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പറഞ്ഞത്. മുസ്ലീം സ്ത്രീകളെ അഴിഞ്ഞാടാൻ വിടാൻ കഴിയില്ല. പഴഞ്ചൻ എന്ന് പറഞ്ഞാലും പ്രശ്നമില്ല. സ്ത്രീകൾക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമർ ഫൈസി പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Discussion about this post