ഇടുക്കി: അടിമാലിയിൽ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. അടിമാലിയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ജിനീഷ് (39) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ ജീവനക്കാരനാണ് ജിനീഷ്.
വൈകീട്ടോടെയായിരുന്നു സംഭവം. അടിമാലി സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ് ലൈറ്റിന് താഴെയെയായിരുന്നു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോളുമായി ഇവിടേയ്ക്ക് എത്തിയ യുവാവ് ശരീരത്തിലൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ആളുകൾ ഓടിക്കൂടുന്നതിന് മുൻപ് തന്നെ തീ ആളിപടർന്നു. തുടർന്ന് നനഞ്ഞ ചാക്കുകൾ കൊണ്ട് തീ അണയ്ക്കുകയായിരുന്നു. ഉടനെ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു.
ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്. ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post