ന്യൂഡൽഹി: രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും എല്ലാ വിധത്തിലും സംരക്ഷിക്കാൻ ഒരു പടി മുന്നിൽ ചിന്തിച്ച് പ്രധാമന്ത്രി നരേന്ദ്രമോദി. സൈബർ രംഗത്തുള്ള ഭീഷണികളെ നേരിടാൻ സൈബർ കമാൻഡോകളുടെ പ്രത്യേക വിഭാഗം രൂപീകരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. 2023 ജനുവരിയിൽ നടന്ന ഡിജിപിമാരുടെയും ഐജിമാരുടെയും സമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക വിഭാഗം രൂപവത്കരിക്കാനായി നിർദ്ദേശം നൽകിയത്.
സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലെ പോലീസ് സേനയിൽ നിന്നും കേന്ദ്ര പോലീസ് സംവിധാനങ്ങളിൽ നിന്നുമാണ് സൈബർ കമാൻഡോകളെ തിരഞ്ഞെടുക്കുക. ഐടി സുരക്ഷ, ഡിജിറ്റൽ ഫൊറൻസിക് മേഖലകളിൽ അറിവും അഭിരുചിയുമുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിന്റെ ഭാഗമാകുക.
പോലീസ് സേനകളിൽ നിന്ന് അനുയോജ്യരായ 10 സൈബർ കമാൻഡോകളെ തിരഞ്ഞെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തിനെതിരായ സൈബർ ഭീഷണികളെ ചെറുക്കാനും വിവരസാങ്കേതിക ശൃംഖലയ്ക്ക് പ്രതിരോധം തീർക്കാനും സൈബർ ഇടങ്ങളിൽ അന്വേഷണം നടത്താനും പുതിയ വിഭാഗം സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച കത്തിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട കമാൻഡോകൾക്ക് പരിശീലനം നൽകും. ഇതിന് പുറമെ സൈബർ ഭീഷണികളെ നേരിടാൻ അവരെ സഹായിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ സജ്ജീകരിക്കുകയും ചെയ്യും. രാജ്യത്തിന്റെ സൈബർ ഇൻഫ്രാസ്ട്രക്ചറിന്റെ ഉത്തരവാദിത്തം അവർക്കായിരിക്കുമെന്നും കത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി
Discussion about this post