ഇന്ന് ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നായി മാറിയിരിക്കുകയാണ് പ്രോസ്റ്റേറ്റ് കാൻസർ. പുരുഷന്മാരിലെ വാൽനട്ട് ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ബീജത്തെ പോഷിപ്പിക്കുകയും അവയുടെ ചലനത്തിന് സഹായിക്കുകയും ചെയ്യുന്ന സെമിനൽ ദ്രാവകം ഉത്പാദിപ്പിക്കുക എന്നതാണ് ഈ ഗ്രന്ഥിയുടെ ജോലി.
ഈ പ്രോസ്റ്റേറ്റിൽ ഉണ്ടാകുന്ന ക്യാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ. പല പ്രോസ്റ്റേറ്റ് ക്യാൻസറുകളും സാവധാനത്തിൽ വളരുന്നതും പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ തന്നെ ഒതുങ്ങുകയും ചെയ്യുന്നതാണ്. എന്നാൽ മറ്റു ചിലതരം വളരെ വേഗത്തിൽ വളരുകയും പടരുകയും ചെയ്യുന്ന അപകടകാരികളാണ്.
ചില പ്രോസ്റ്റേറ്റ് കാൻസർ വലിയ രീതിയിൽ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. എന്നാൽ അപകടകാരികളായവയുടെ ലക്ഷണങ്ങൾ പെട്ടെന്ന് തന്നെ ഉണ്ടാകുന്നതാണ്. മൂത്രമൊഴിക്കുന്നതിൽ പ്രശ്നം,
മൂത്രത്തിന്റെ ശക്തി കുറയുക,
മൂത്രത്തിൽ രക്തം കാണപ്പെടുക,
ബീജത്തിൽ രക്തം കാണപ്പെടുക,
അസ്ഥി വേദന,
പെട്ടെന്നുള്ള ശരീരഭാരം കുറയൽ,
ഉദ്ധാരണക്കുറവ് എന്നിവയാണ് ഈ അസുഖത്തിന്റെ പൊതുവായ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ സ്ഥിരമായി കാണുകയാണെങ്കിൽ ഒട്ടും താമസിക്കാതെ തന്നെ ഡോക്ടറെ കാണേണ്ടതാണ്.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങൾ ഡിഎൻഎയിൽ മാറ്റങ്ങൾ വരുത്തുമ്പോഴാണ് പ്രോസ്റ്റേറ്റ് കാൻസർ ആരംഭിക്കുന്നതെന്നാണ് ഡോക്ടർമാർ കണ്ടെത്തിയിട്ടുള്ളത്. പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ നിരവധിയുണ്ട്. പ്രായം, വംശീയമായ സാധ്യതകൾ, കുടുംബ ചരിത്രം, അമിതവണ്ണം എന്നിവയെല്ലാം പ്രോസ്റ്റേറ്റ് ക്യാൻസറിനു കാരണമാകാം. സാധ്യതകളും ലക്ഷണങ്ങളും തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് വിദഗ്ദ്ധോപദേശം തേടുന്നത് കൂടുതൽ സങ്കീർണതകളിലേക്ക് കടക്കാതിരിക്കാൻ സഹായകരമാകുന്നതാണ്.
Discussion about this post