തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടത്തിയ പദയാത്രകളിൽ പങ്കെടുത്ത പ്രമുഖരുൾപ്പെടെ 500 പേർക്കെതിരെ കേസെടുത്ത് പോലീസ്. സംസ്ഥാന പാതയിൽ ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയിൽ പ്രകടനം നടത്തിയതിനാണ് കേസ്.
പദയാത്രകൾ സംഘടിപ്പിച്ച ബിജെപി, കോൺഗ്രസ് ജില്ലാ ,മണ്ഡലം നേതാക്കൾ ഉൾപ്പെടെ ഇരുപാർട്ടികളിലുമുള്ള കണ്ടാലറിയാവുന്ന 500 ഓളം പേർക്കെതിരെയാണ് കേസ്. ഇരിങ്ങാലക്കുട പോലീസാണ് കേസെടുത്തത്.
ഗാന്ധിജയന്തി ദിനമായിരുന്ന ഒക്ടോബർ 2 നായിരുന്നു സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് എതിരെ കോൺഗ്രസും പദയാത്ര സംഘടിപ്പിച്ചിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫ്‌ലാഗ് ഓഫ് ചെയ്ത പദയാത്രയുടെ സമാപനം സമ്മേളനം എം ടി രമേശാണ് ഉദ്ഘാടനം ചെയ്തത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു.അതേസമയം കേസെടുത്തത് രാഷ്ട്രീയ പകപോക്കൽ ആണെന്ന് ബിജെപി ആരോപിച്ചു.
Discussion about this post