ന്യൂഡൽഹി : ഓപ്പറേഷൻ അജയയുടെ ഭാഗമായി ഇസ്രായേലിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി. ഇന്ന് രാവിലെയോടെയാണ് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ 235 പേരടങ്ങുന്ന വിമാനം രാജ്യതലസ്ഥാനത്ത് എത്തിയത്. വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ഇവരെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു.
#OperationAjay continues to bring citizens home.
2nd flight carrying 235 citizens arrives in New Delhi. MoS @RanjanRajkuma11 received the citizens at the airport. pic.twitter.com/W3ItmHgwf3
— Arindam Bagchi (@MEAIndia) October 14, 2023
യുദ്ധമുഖത്ത് നിന്ന് മാതൃരാജ്യത്ത് എത്തിയതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. വന്ദേ മാതരം വിളികളോടെയാണ് ഇവർ ഭാരതമണ്ണിൽ ഇറങ്ങിയത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
212 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം വ്യാഴാഴ്ച രാജ്യത്തെത്തിയിരുന്നു. മലയാളി വിദ്യാർത്ഥികളും സംഘത്തിലുണ്ടായിരുന്നു. ഏകദേശം 18,000 ത്തോളം ഇന്ത്യക്കാരാണ് ഇസ്രായേലിൽ താമസിക്കുന്നത്. തിരികെ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ചാർട്ടേർഡ് വിമാനം ഒരുക്കുന്നത്. ഇവരുടെ ചെലവുകളെല്ലാം കേന്ദ്ര സർക്കാർ തന്നെ വഹിക്കും.
ഇസ്രായേലിൽ നിന്നുള്ള ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷൻ അജയ്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേലിൽ നിന്നുള്ള വിമാന സർവ്വീസുകൾ പൂർണമായി നിലയ്ക്കുകയും ഇന്ത്യക്കാർക്ക് മടങ്ങാൻ കഴിയാതെ വരികയുമായിരുന്നു. ഇതോടെയാണ് ഇവരുടെ അഭ്യർത്ഥന പ്രകാരം കേന്ദ്രം ഓപ്പറേഷൻ അജയ്ക്ക് തുടക്കമിട്ടത്.
Discussion about this post