പന്തല്ലൂർ: ജനവാസകേന്ദ്രങ്ങളെ വിറപ്പിച്ച കാട്ടുകൊമ്പൻമാരെ വിരട്ടിയോടിക്കാൻ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകൾക്കൊപ്പം സ്ഥലം വിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
കട്ടക്കൊമ്പൻ, ബുള്ളറ്റ് എന്നിങ്ങനെ നാട്ടുകാർ പേരിട്ട രണ്ട് കാട്ടാനകൾ പന്തല്ലൂരിൽ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതിനെ തുടർന്നാണ് ഊട്ടി മുതുമലയിൽ നിന്ന് കുങ്കിയാനകളെ കൊണ്ടുവന്നത്. കാട്ടാനകളെ വിരട്ടാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങൾക്കിടയിലാണ് കുങ്കിയാന കാട്ടുകൊമ്പൻമാർക്കൊപ്പം ഒളിച്ചോടിയത്.
മുതുമലയിൽനിന്നു വസീം, വിജയ്, ശ്രീനിവാസൻ, ബൊമ്മൻ എന്നീ നാല് കുങ്കിയാനകളെയാണ് കട്ടക്കൊമ്പനേയും ബുള്ളറ്റിനേയും തളയ്ക്കാനായി വനപാലകർ എത്തിച്ചത്. വ്യാഴാഴ്ചരാത്രി കാട്ടാനകൾ വരുന്നവഴിയിൽ കുങ്കിയാനകളെ തളച്ചു വിരട്ടിയോടിക്കാനുള്ള നീക്കങ്ങൾ ആലോചിക്കുന്നതിനിടയിലാണ് കുങ്കിയാന കൂട്ടത്തിലെ ശ്രീനിവാസൻ പഴയ കൂട്ടുകാരെ കണ്ടതോടെ ചങ്ങല പൊട്ടിച്ച് ഒളിച്ചോടിയത്.
കുങ്കിയാനകളിലൊരണ്ണെത്തിനെ കാണാതായതോടെ് വനപാലകരും പാപ്പാന്മാരും പരിസരം മുഴുവൻ ശ്രീനിവാസനെ തിരഞ്ഞു. ഒടുവിൽ രാത്രി 12 മണിയോടെ കാട്ടുകൊമ്പന്മാർക്കൊപ്പം ശ്രീനിവാസനെ കണ്ടെത്തുകയായിരുന്നു. തിരികെ കൂട്ടിക്കൊണ്ടു വന്നെങ്കിലും ശ്രീനിവാസനെ കാണാൻ കട്ടക്കൊമ്പനും ബുള്ളറ്റും പ്രദേശത്ത് വീണ്ടുമെത്തി. തുടർന്ന് മറ്റ് കുങ്കിയാനകൾ ചേർന്ന് കാട്ടാനകളെ ഓടിക്കുകയായിരുന്നു.
Discussion about this post