അഹമ്മദാബാദ്; ലോകകപ്പ് ക്രിക്കറ്റിലെ മത്സരത്തിൽ പാകിസ്താന് മേൽ താണ്ഡവമാടിയ ഇന്ത്യൻ ബൗളർമാരുടെ വിജയാഘോഷം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. 35 ാം ഓവറിൽ പാക് താരം ഷബാബ് ഖാന്റെ വിക്കറ്റെടുത്ത ജസ്പ്രീത് ബൂമ്രയുടെ ആഘോഷമാണ് സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിങ് ആയത്.
റാവൽപിണ്ടി എക്‌സ്പ്രസ് എന്ന് അറിയപ്പെട്ടിരുന്ന മുൻ പാക് ബൗളർ ഷൂഐബ് അക്തറിനെ അനുകരിച്ച് ഗ്രൗണ്ടിൽ ബൂമ്ര നടത്തിയ വിങ് സെലിബ്രേഷനാണ് സമൂഹമാദ്ധ്യമങ്ങളിലും വൈറലായത്. 35 ാം ഓവറിലെ രണ്ടാം പന്ത് കൃത്യമായി ഷബാബിന്റെ വിക്കറ്റ് ഇളക്കി. അഞ്ച് പന്തിൽ രണ്ട് റൺസായിരുന്നു അപ്പോൾ ഷബാബിന്റെ സ്‌കോർ. പാകിസ്താന്റെ ഏഴാം വിക്കറ്റായിരുന്നു ഇത്. 16 റൺസ് ചേർക്കുന്നതിനിടയിൽ പാകിസ്താന് നഷ്ടപ്പെടുന്ന അഞ്ചാമത്തെ വിക്കറ്റും.
ഏഴ് ഓവറുകൾ എറിഞ്ഞ ബൂമ്ര കേവലം 19 റൺസ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. മികച്ച സ്‌കോർ എന്ന പാകിസ്താന്റെ ലക്ഷ്യത്തിന് മേൽ ഇന്ത്യൻ ബൗളർമാർ പരുന്തിനെപ്പോലെ പറന്നിറങ്ങുന്ന കാഴ്ചയ്ക്കാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബൂമ്ര ഉൾപ്പെടെ അഞ്ച് ഇന്ത്യൻ ബൗളർമാർ പാകിസ്താന്റെ രണ്ട് വിക്കറ്റുകൾ വീതമാണ് വീഴ്ത്തിയത്. ഇതിനിടയിലായിരുന്നു ബൂമ്രയുടെ ട്രെൻഡിങ് ആയ ആഘോഷവും.
കളിയിൽ 117 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.
Discussion about this post