ന്യൂഡൽഹി: ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം ഡൽഹിയിൽ എത്തി. രാവിലെ ആറ് മണിയോടെയായിരുന്നു ഒപ്പാറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായുള്ള മൂന്നാമത്തെ വിമാനം രാജ്യത്ത് എത്തിയത്. വരും ദിവസങ്ങളിലും ദൗത്യം തുടരുമെന്ന് കേന്ദ്രം അറിയിച്ചു.
197 യാത്രികരാണ് ഇസ്രായേലിൽ നിന്നും ഇന്ന് എത്തിയത്. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ഇവരെ കേന്ദ്രമന്ത്രി കൗശൽ കിഷോർ സ്വീകരിച്ചു. ദേശീയ പതാക നൽകി ആയിരുന്നു അദ്ദേഹം എല്ലാവരെയും സ്വീകരിച്ചത്. സുരക്ഷിതമായി രാജ്യത്ത് എത്താൻ കഴിഞ്ഞതിൽ ഇവർ കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞു.
ഓപ്പറേഷൻ അജയ് കേന്ദ്രസർക്കാരിന്റെ മികച്ച പ്രവർത്തനം ആണെന്ന് ഇസ്രായേലിൽ നിന്നും എത്തിയ പ്രീതി ശർമ്മ വ്യക്തമാക്കി. ഇതിൽ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറിന് നന്ദി അറിയിക്കുന്നു. ഇസ്രായേലിൽ നിന്നും സ്വന്തം പൗരന്മാരെ മടക്കിക്കൊണ്ട് വന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നാണ് കരുതുന്നത്. അത് വലിയകാര്യമാണ്. ഇപ്പോൾ തങ്ങളുടെ കുടുംബങ്ങൾക്ക് സന്തേഷമായിക്കാണും. കേന്ദ്രസർക്കാരിന് നന്ദിയെന്നും പ്രീതി ശർമ്മ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച മുതലായിരുന്നു ദൗത്യം ആരംഭിച്ചത്. വെള്ളിയാഴ്ചയും ഇന്നലെയുമായി അഞ്ഞുറിലധികം പേർ ഇസ്രായേലിൽ നിന്നും രാജ്യത്ത് തിരികെ എത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. ഇസ്രായേലിൽ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്നവരെയാണ് കേന്ദ്രം ഓപ്പറേഷൻ വിജയിലൂടെ എത്തിക്കുന്നത്.
Discussion about this post