ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കൈക്കൂലി ആരോപണവുമായി ബിജെപി രംഗത്ത്. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് പ്രമുഖ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്നും കൈക്കൂലി വാങ്ങി എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചത്. തുടർന്ന് മഹുവ മൊയ്ത്രയ്ക്കെതിരെ അന്വേഷണ സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകി. തൃണമൂൽ എംപിയെ സഭയിൽ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
”പാർലമെന്റ് സമ്മേളനം ആരംഭിക്കുമ്പോൾ തന്നെ മഹുവ മൊയ്ത്ര ബഹളം തുടങ്ങും. എന്തെങ്കിലും പറഞ്ഞ് മറ്റുള്ളവരെ അധിക്ഷേപിച്ചുകൊണ്ട് തൃണമൂൽ നേതാക്കളായ മഹുവയുടെയും സൗഗത റോയിയുടെയും നേതൃത്വത്തിലാണ് മിക്കപ്പോഴും സഭാ നടപടികൾ തടസ്സപ്പെടുന്നത്” അദ്ദേഹം പറഞ്ഞു.
അടുത്തിടെ മഹുവ ചോദിച്ച 50-16 വരെ ചോദ്യങ്ങൾ അദാനി ഗ്രൂപ്പിനെക്കുറിച്ചാണ്. മറ്റൊരു ബിസിനസ് ഗ്രൂപ്പിനെ ലക്ഷ്യമിട്ടുകൊണ്ട് ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് ഇവർ ഒരു വ്യവസായിൽ നിന്നും പണം വാങ്ങി’, ദുബെ കത്തിൽ ആരോപിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങളും സർക്കാരിന്റെ നയങ്ങളും ചർച്ച ചെയ്യുന്നതിനുള്ള മറ്റ് അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെ ഇവർ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ തനിക്കെതിരായ ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു. തന്നെ അന്വേഷിച്ച് എത്തുന്നതിന് മുൻപ് കൽക്കരി കുംഭകോണത്തിൽ എഫ്ഐആർ ഫയൽ ചെയ്യുന്നതിനായി ഇഡിയോട് ആവശ്യപ്പെടുന്നതായും മഹുവ കുറിച്ചു.
Discussion about this post