ലണ്ടൻ: ബ്രിട്ടനിലെ ജൂതസമൂഹത്തിന് എല്ലാ സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. യുകെയിൽ ഹമാസ് അനുകൂലികൾ യഹൂദർക്കെതിരെയി നടത്തുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ് ഋഷി സുനകിൻറെ പ്രസ്താവന. യഹൂദർക്കെതിരായ പ്രതിഷേധങ്ങൾ നിയമത്തിന്റെ എല്ലാ പഴുതുകളും ഉപയോഗിച്ച് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.ഇസ്രയേലിനെതിരായ ഹമാസ് ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിലാണ് യുകെയിലും പ്രതിഷേധങ്ങൾ നടത്തുന്നത്.
നോർത്ത് ലണ്ടനിലെ ജൂത സെക്കൻഡറി സ്‌കൂൾ സന്ദർശിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. “നമ്മുടെ യഹൂദ സമൂഹത്തിന് തെരുവുകളിൽ സുരക്ഷിതത്വം അനുഭവിക്കാൻ കഴിയുമെന്ന് ഞാൻ ഉറപ്പുതരുന്നു. നമ്മുടെ സമൂഹത്തിൽ യഹൂദവിരുദ്ധതയ്‌ക്ക് സ്ഥാനമില്ല, ഞങ്ങൾ അക്കാര്യം നോക്കിക്കോളാം. എവിടെയൊക്കെയാണേ യഹൂദർക്കെതിരായ ആക്രമണങ്ങൾ നടക്കുന്നത്, അത് ഇല്ലാതാക്കാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യും.,” ഋഷി സുനക് പറഞ്ഞു.
യുകെ സർക്കാർ ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഹമാസിനെ പിന്തുണയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ജൂത സമൂഹത്തിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയായ കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റിന് 3 മില്യൺ പൗണ്ട് അധിക ധനസഹായം പ്രഖ്യാപിച്ചു. ജൂതരുടെ സുരക്ഷ ഉറപ്പുവരുത്തന്നതിനായാണ് പ്രധാനമന്ത്രി അധിക ധനസഹായം പ്രഖ്യാപിച്ചത്.
Discussion about this post