തിരുവനന്തപുരം: തലസ്ഥാന നഗരം വെള്ളക്കെട്ടില്‍ മുങ്ങാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെന്ന് ഡി വൈ എഫ് ഐ നേതാവ് എ എ റഹീം എം പി. കൃത്യമായ മുന്നറിയിപ്പ് ലഭിക്കാതെ പോയത് കൊണ്ടാണ് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കഴിയാഞ്ഞതെന്നും റഹീം പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് റഹീമിന്റെ പ്രതികരണം. തിരുവനന്തപുരം നഗരം വെള്ളക്കെട്ടില്‍ മുങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതിനെ തുടര്‍ന്നാണ് വെള്ളക്കെട്ടിന്റെ കാരണം കേന്ദ്ര സര്‍ക്കാരിന്റെ മേല്‍ പഴി ചാരി രക്ഷപെടാന്‍ ഇടതു പക്ഷം ശ്രമിക്കുന്നത്.
കുറഞ്ഞ സമയത്തിനുള്ളില്‍ പെയ്യുന്ന ഈ അതിതീവ്ര മഴയാണ് വെള്ളക്കെട്ടിന് കാരണം. എന്തുകൊണ്ടാണ് ഇത്തരം അതിതീവ്ര മഴസംബന്ധിച്ചു മുന്നറിയിപ്പ് നല്‍കേണ്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത്തരം ഒരറിയിപ്പ് നല്‍കാതിരുന്നത്? കാലാവസ്ഥാ പ്രവചനത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന നൂതനമായ ഒരു റഡാര്‍ പോലും കേരളത്തിലില്ല. കൊച്ചിയിലെ പഴയ ഒരു റഡാര്‍ മിക്ക സമയത്തും ശരിയായി പ്രവര്‍ത്തിക്കുന്നില്ല, ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റങ്ങളില്‍ ഉപയോഗിക്കുന്നതിന് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഡാറ്റ നല്‍കാത്ത പഴയ സംവിധാനമാണിത്. തിരുവനന്തപുരത്തെ റഡാര്‍ ഐഎസ്ആര്‍ഒയുടെ കീഴില്‍ വിഎസ്എസ്സിയില്‍ ആയതിനാല്‍ എല്ലാ സമയത്തും കാലാവസ്ഥാ നിരീക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും റഹീം കുറിച്ചു.
സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തു അത്യാധുനികമായ കാലാവസ്ഥാ പ്രവചന സംവിധാനം ഒരുക്കുന്നില്ല. റേഷന്‍ മുതല്‍ റെയില്‍വേ വരെ മോദി സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ശത്രുതാപരമായ അവഗണന ഇക്കാര്യത്തിലും തുടരുകയാണെന്നും റഹീം പറയുന്നു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദിത്വ പരമായ സമീപനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ ഉയരുന്നത്. തിരുവനന്തപുരത്തുണ്ടായ മിന്നല്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നാണ് ജനങ്ങളുടെ പ്രതികരണം. മഴ തോര്‍ന്നിട്ടും നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ടുകള്‍ പൂര്‍ണ്ണമായി മാറിയിട്ടില്ല.
Discussion about this post