ബംഗലൂരു; ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്താൻ താരങ്ങൾക്ക് പനി. തോൽവിയുടെ ക്ഷീണം മാറ്റാൻ അടുത്ത മത്സരങ്ങളിൽ വിജയം അനിവാര്യമായിരിക്കെയാണ് താരങ്ങൾക്ക് കൂട്ടത്തോടെ പനി പിടിപെട്ടത്. ചൊവ്വാഴ്ച രാവിലെ ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരിശീലനം നിശ്ചയിച്ചിരുന്നെങ്കിലും താരങ്ങളുടെ വിശ്രമത്തിനായി പിന്നീട് ഇത് ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്. എന്നാൽ വൈകിട്ട് ടീം പരിശീലനത്തിന് ഇറങ്ങുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ പാക് ടീം പങ്കുവെച്ചിട്ടുണ്ട്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാബർ അസമും മുഹമ്മദ് നവാസും ആരാധകർക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടുകൊടുക്കുന്ന ചിത്രങ്ങളും പാക് ടീം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ അബ്ദുളള ഷഫീഖ് ഉൾപ്പെടെയുളള അഞ്ചോളം താരങ്ങളാണ് പനിയുടെ പിടിയിലുളളത്. നേരത്തെ പനിയുടെ ലക്ഷണങ്ങൾ കണ്ടിരുന്ന ഷഹീൻ അഫ്രീദി, ഉസാമ മിർ തുടങ്ങിയവർ സുഖം പ്രാപിച്ചതായിട്ടാണ് വിവരം.
ഓസ്‌ട്രേലിയയുമായി വെളളിയാഴ്ചയാണ് പാകിസ്താന്റെ അടുത്ത മത്സരം. ഇന്ത്യയുമായുളള തോൽവിയുടെ ക്ഷീണം മാറാൻ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്ത്യയോട് തോറ്റതിന്റെ പേരിൽ ടീമിനെ വിമർശിക്കുന്ന ആരാധകരുടെയും മുൻതാരങ്ങളുടെയും വായടപ്പിക്കാനും വിജയം കൂടിയേ തീരൂ. എന്നാൽ ഇതിനിടയിൽ താരങ്ങൾക്ക് പനി പിടിച്ചത് മാനേജ്‌മെന്റിനെയും ആശങ്കയിലാക്കുന്നു.
ഞായറാഴ്ചയാണ് മത്സരത്തിനായി പാക് ടീം ബംഗലൂരുവിൽ എത്തിയത്. തിങ്കളാഴ്ച ടീം അംഗങ്ങൾ ഡിന്നറിനായി പുറത്തുപോകുകയും ചെയ്തിരുന്നു. താരങ്ങൾക്ക് പനി പിടിപെട്ടതായി പാകിസ്താൻ ടീം മീഡിയ മാനേജരും സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ കൂടുതലും സുഖം പ്രാപിച്ചതായും ബാക്കിയുളളവർ ടീമിന്റെ മെഡിക്കൽ പാനലിന്റെ നിരീക്ഷണത്തിലാണെന്നും മീഡിയ മാനേജർ വിശദീകരിച്ചു. നെതർലൻഡും ശ്രീലങ്കയുമായുളള മത്സരങ്ങളിൽ പാകിസ്താൻ വിജയിച്ചിരുന്നു. എന്നാൽ ഇന്ത്യയുമായുളള മത്സരത്തിൽ തോറ്റതോടെ ടീമിനെതിരെ വിമർശനം ശക്തമാണ്.
Discussion about this post