ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ നെറ്റ്വര്ക്കായ ഇന്‍സ്റ്റാഗ്രാമിലെ ഗുരുതരമായ സുരക്ഷാപിഴവ് ചൂണ്ടിക്കാട്ടിയ സൈബര്‍ വിദഗ്ധന്‍ ഫേസ്ബുക്കിന്റെ ഭീഷണിയെന്ന് പരാതി.
വെസ്ലി വിന്‍ബെര്‍ഗ് എന്ന ടെക് വിദഗ്ധനാണ് ഇന്‍സ്റ്റാഗ്രാമില്‍ ഉണ്ടായിരുന്ന വ്യാപകമായ പിഴവുകള്‍ ചൂണ്ടിക്കാട്ടിയത്. സാധാരണ ഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയ തുക സമ്മാനം നല്‍കുകയാണ് പതിവ്. സമ്മാനം പ്രഖ്യാപിച്ചെങ്കിലും അധികം വൈകാതെ തന്നെ വിന്ബെര്ഗിന്റെ തൊഴിലുടമയുടെ അടുത്തു ഫേസ്ബുക്ക് ഭീഷണിയുമായിട്ട് എത്തിയെന്നാണ് ആരോപണം.
വിന്‍ബെര്‍ഗ് ചൂണ്ടിക്കാട്ടിയ പിഴവുകളിലൂടെ ഒരു വ്യക്തിക്ക് ഇന്‍സ്റ്റാഗ്രാം സൈറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുമായിരുന്നു. ഇന്‍സ്റ്റാഗ്രാമിന്റെ സോഴ്സ് കോഡ് പോലും കൈക്കലാക്കാം. ഇതിനുപുറമേ എസ്എസ്എല് സര്‍ട്ടിഫിക്കറ്റ്, പ്രൈവറ്റ് കീ, ഇമെയില്‍ സെര്‍വര്‍ വിവരങ്ങള്‍ എന്നിവയെല്ലാം ലഭ്യമായിരുന്നു.
സുരക്ഷാ പിഴവ് മൂലം ജീവനക്കാരുടെ അക്കൌണ്ടുകളും പാസ്വേഡുകളും, സ്റ്റോര്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളും വിവരങ്ങളും കൈവശപ്പെടുത്താന്‍ ഒരാള്‍ക്ക് കഴിയും. ഇതിലൂടെ ഒരാള്‍ക്ക് മുഴുവന്‍ സേവനങ്ങളും അനുകരിക്കാനും സാധിക്കുമായിരുന്നു എന്നാണു വില്‍ബെര്‍ഗ് പറയുന്നത്.
മൂന്നു തവണകളിലാണ് സുരക്ഷാ പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യത്തേതിന് 2,500 ഡോളര്‍ ഫേസ്്ബുക്ക് പ്രതിഫലമായി പ്രഖ്യാപിച്ചു. എന്നാല്‍ മറ്റുള്ള രണ്ടിനും ഒരുതരത്തിലുള്ള പ്രതിഫലവും നല്‍കിയില്ല. അതിനു പകരം ഫേ്സ്ബുക്കിന്റെ സുരക്ഷാ മേധാവി സ്ടാമോസ് വിന്‍ബെര്‍ഗ് ജോലി ചെയ്യുന്ന സൈനാക്ക് എന്ന കമ്പനിയുടെ സിഇഓയെ ബന്ധപ്പെടുകയും തങ്ങള്‍ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. വിന്‍ബെര്‍ഗ് ചൂണ്ടിക്കാട്ടിയ സുരക്ഷാപിഴവുകള്‍ നിസ്സാരമായിരുന്നു എന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം.
സുരക്ഷാ പിഴവുകള്‍ പരസ്യമാക്കരുതെന്നും, ഇന്‍സ്റ്റാഗ്രാമിലൂടെ എന്തെങ്കിലും ഡാറ്റ സ്വന്തമാക്കിയെങ്കില്‍ അത് ഡിലീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നു വിന്‍ബെര്‍ഗ് ആരോപിക്കുന്നു. ഫേസ്ബുക്കിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് മുന്നോട്ടു പോയ തനിക്കെതിരെയും തന്റെ തൊഴില്‍ ഉടമയ്ക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിന്റെ ഔചിത്യം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും വിന്‍ബെര്‍ഗ് തന്റെ ബ്ലോഗില്‍ എഴുതി.
Discussion about this post