തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരോട് കയർത്ത മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പണിയുണ്ടായിരുന്ന കാലത്തൊരു പണിയുമെടുക്കാതെ കൊടിയുമെടുത്തു നടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കി വെച്ച് അതിന്റെ പേരിൽ വീണ്ടും പണിയൊന്നുമെടുക്കാതെ ഖജനാവുതിന്നുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേന്ന്. സെക്രട്ടറിയേറ്റുനടയിൽ കണ്ടത് കേരളം തിന്നുതീർക്കാൻ ദത്തെടുത്തവരുടെ ദുർന്നടപ്പെന്ന് അദ്ദേഹം വിമർശിച്ചു.
ഇന്ന് രാവിലെയാണ് മാദ്ധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് കയർത്തത്. സെക്രട്ടേറിയറ്റിന് മുന്നിൽ പോലീസ് ആളറിയാതെ തടഞ്ഞതോടെയാണ് ഇയാൾ മാദ്ധ്യമങ്ങളോട് തട്ടിക്കയറിയത്. സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്‌സ് കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം.
യുഡിഎഫിന്റെ ഉപരോധത്തിന് ഇടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ഇദ്ദേഹത്തിന് പോലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാത്ത് നിൽക്കേണ്ടി വന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും മാദ്ധ്യമപ്രവർത്തകർ പോലീസിനോട് ആവശ്യപ്പെട്ടു.എന്നാൽ ഇതേക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകരോട് ദത്തൻ മോശമായി പെരുമാറുകയായിരുന്നു.
എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് നീയൊക്കെ തെണ്ടാൻ പോ എന്ന് ക്ഷുഭിതനായി ദത്തൻ മറുപടി പറഞ്ഞത്. പിന്നീട് ഇദ്ദേഹം സെക്രട്ടേറിയേറ്റിലേക്ക് നടന്നുപോയി.
Discussion about this post