ന്യൂഡൽഹി: ബിജെപിക്കെതിരെ രൂപം കൊണ്ട ഇൻഡി സഖ്യം നിയമസഭാ സീറ്റിന്റെ പേരിൽ മദ്ധ്യപ്രദേശിൽ തമ്മിലടിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസിനും സമാജ് വാദി പാർട്ടിക്കും തമ്മിൽ ധാരണയിലെത്താനായില്ല. ഇതോടെ സംസ്ഥാനത്ത് ഇൻഡി സഖ്യം സാധ്യമാകുന്ന കാര്യം അനിശ്ചിതത്വത്തിലായി.
സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ചർച്ചകൾ തുടരുന്നതിനിടെ, 230 സീറ്റുകളിലും സമാജ് വാദി പാർട്ടി മത്സരിക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചതാണ് കോൺഗ്രസിന് കനത്ത തിരിച്ചടിയായത്. ബിജെപിയെ പരാജയപ്പെടുത്താൻ പരമാവധി സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനുള്ള ആവശ്യത്തോട് അനുകൂല നിലപാടല്ല എസ്പിക്ക് ഉള്ളത്.
നിലവിൽ സമാജ് വാദി പാർട്ടിക്ക് മദ്ധ്യപ്രദേശ് നിയമസഭയിൽ ഒരു അംഗം മാത്രമാണ് ഉള്ളത്. എന്നാൽ ഉത്തർ പ്രദേശ് അതിർത്തി മേഖലകളിൽ പാർട്ടി വോട്ടുകൾ നിർണായകമാണ് എന്ന് എസ് പി അവകാശപ്പെടുന്നു. ഇവിടങ്ങളിൽ സീറ്റ് നൽകണമെന്ന എസ് പിയുടെ ആവശ്യം കോൺഗ്രസ് പരിഗണിക്കുന്നില്ല.
മദ്ധ്യപ്രദേശിൽ സഖ്യം സാദ്ധ്യമായില്ലെങ്കിൽ ഉത്തർ പ്രദേശിലും അതുണ്ടാകില്ല എന്നാണ് എസ് പിയുടെ നിലപാട്. ഉത്തർ പ്രദേശിലാകട്ടെ സ്ഥിതി മറിച്ചാണ്. അവിടെ നിലവിൽ കോൺഗ്രസ് ദുർബലവും എസ് പി മുഖ്യ പ്രതിപക്ഷവുമാണ്. ഈ നിലയിലാണ് ഇരു പാർട്ടികളുടെയും നിലപാടെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം എത്രത്തോളം പ്രായോഗികമാകും എന്നാണ് ഇൻഡി മുന്നണിയിലെ മറ്റ് പാർട്ടികൾ ആശങ്കപ്പെടുന്നത്.
Discussion about this post