പാലക്കാട്: സമ്പൂർണ ഇൻഷുറൻസ് പരിരക്ഷ വാർഡ് ആയി കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്. വാർഡ് മെമ്പറും പൊതുപ്രവർത്തകനുമായ രാജീവ് കേരളശ്ശേരിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ സാമൂഹ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതികൾ പ്രയോജനപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്.
പാലക്കാട് ജില്ലയിലെ ലീഡ് ബാങ്ക് മാനേജർ ശ്രീനാഥിൽ നിന്നും ഇത് സംബന്ധിച്ച രേഖകൾ രാജീവ് കേരളശ്ശേരി ഏറ്റുവാങ്ങി. കേന്ദ്രസർക്കാരിന്റെ വിവിധ സാമൂഹ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതികൾ അർഹരായ കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ പാലക്കാട് ജില്ലാ ഭരണകൂടം സമഗ്ര പ്രചാരണ പരിപാടി നടത്തിയിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ജില്ലാ ഭരണകൂടം ഇതിനായി മുന്നിട്ടിറങ്ങിയത്.
വിവിധ വകുപ്പുകളെയും തദ്ദേശ സ്ഥാപനങ്ങളെയും ബാങ്കുകളെയും ഏകോപിപ്പിച്ചാണ് ഈ പ്രവർത്തനം നടത്തിയത്. കുടുംബശ്രീ, തൊഴിലുറപ്പ് ഘടകങ്ങളും ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. പ്രധാനമന്ത്രി ജീവൻ സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന എന്നിവയിൽ അർഹരായ കൂടുതൽ പേരെ ഉൾപ്പെടുത്താനുള്ള സമഗ്ര പ്രചാരണമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് രാജീവ് കേരളശ്ശേരിയുടെ വാർഡിലും ഇതിനായുള്ള പ്രവർത്തനം നടത്തിയത്.
Discussion about this post