ജെറുസലേം: ഹമാസ്- ഇസ്രായേൽ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. പതിനാലാം ദിവസത്തിൽ യുദ്ധമെത്തി നിൽക്കുമ്പോൾ ആയിരക്കണക്കിന് ജീവനുകളാണ് ഇരുവശത്തും പൊലിഞ്ഞത്. ഹമാസ് നടത്തിയ പ്രകോപനപരമായ മിസൈൽ വർഷമാണ് യുദ്ധത്തിന് ആരംഭം കുറിച്ചത്. 1,400ലധികം ഇസ്രായേലികളെ കൊലപ്പെടുത്തിയ ഹമാസ് ഭീകരർ ഒരു സൈക്കോ ആക്റ്റീവ് മരുന്നിന്റെ സ്വാധീനത്തിലായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഭീകരർ സിന്തറ്റിക് ആംഫെറ്റാമിൻ തരത്തിലുള്ള ഉത്തേജകമായ ക്യാപ്റ്റഗണിന്റെ സ്വാധീനത്തിലാണ് ഭീകരാക്രമണം നടത്തിയതത്രേ.
ഇസ്രായേലിൽ കൊല്ലപ്പെട്ട നിരവധി ഹമാസ് ഭീകരരുടെ പോക്കറ്റിൽ നിന്ന് ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെടുത്തതായി പ്രാദേശിത മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘പാവങ്ങൾക്കുള്ള കൊക്കെയ്ൻ’ എന്നും അറിയപ്പെടുന്ന ഈ മയക്കുമരുന്ന് ഹമാസ് ഭീകരരെ ക്രൂരതയോടെയും നിസ്സംഗതയോടും കൂടി കുറ്റകൃത്യങ്ങൾ ചെയ്യാൻ സ്വാധീനിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, മരുന്ന് അവരെ കൂടുതൽ സമയം അതീവ ജാഗ്രതയോടെ നിലനിർത്തുകയും അവരുടെ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്തു.
അതേസമയം യുദ്ധത്തിൽ ഗാസയിൽ 3478 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. 12,000-ലധികം പേർക്ക് പരിക്കേറ്റു. 206 പേരെ ഹമാസ് ഇപ്പോഴും ബന്ദികളാക്കിവെച്ചിരിക്കുകയാണ്.ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നും അവർ പതിയിരിക്കുന്ന എല്ലായിടവും ആക്രമിക്കുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.. ജനവാസമേഖലകളിൽ ഒളിച്ചിരുന്ന് ഹമാസ് ആളുകളെ മനുഷ്യകവചമാക്കുകയാണെന്നും സൈന്യം ആരോപിച്ചു
Discussion about this post