പാലക്കാട്; രുദ്രകേശവ് നിലയത്തിൽ ഇനി സഞ്ജിത്തിന്റെ ഓർമ്മകൾ ഉണ്ടാകും. വെട്ടിക്കൊലപ്പെടുത്തിയ മതഭീകരതയ്ക്ക് മായ്ച്ചുകളയാൻ കഴിയാത്ത ഓർമ്മകൾ. രാഷ്ട്രീയ വൈരാഗ്യത്തിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കുടുംബത്തിന് രാഷ്ട്രീയ സ്വയം സേവക സംഘമാണ് വീട് നിർമിച്ചു നൽകിയത്.
സഞ്ജിത്തിന്റെ വലിയ സ്വപ്‌നമാണ് രാഷ്ട്രീയ സ്വയം സേവക സംഘം യാഥാർത്ഥ്യമാക്കി നൽകിയത്. എലപ്പുളളി എടുപ്പുകുളത്ത് നിർമിച്ച വീടിന്റെ താക്കോൽ ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരൻ കുടുംബത്തിന് കൈമാറി. സഞ്ജിത്തിന്റെ അമ്മ സുനിതയും ഭാര്യ അർഷികയും താക്കോൽ ഏറ്റുവാങ്ങി. സഞ്ജിത്തിന്റെ മകൻ രുദ്രകേശവിന്റെ പേരാണ് വീടിന് നൽകിയത്.
മകൻ കൈക്കുഞ്ഞായിരിക്കെയാണ് സഞ്ജിത്തിനെ നരാധമൻമാർ നടുറോഡിൽ കൊലപ്പെടുത്തിയത്.
ഭാര്യയുമൊത്ത് രാവിലെ ബൈക്കിൽ ജോലിക്ക് പോകവേ കാറിലെത്തി ഇടിച്ചിട്ട ശേഷം അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ പ്രധാനമുറിയിൽ സഞ്ജിത്തിന്റെ വലിയ ചിത്രം വെച്ചിട്ടുണ്ട്. അതിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചടങ്ങുകൾ നടത്തിയത്.
ആർഎസ്എസ് പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി.പി സുരേഷ് ബാബു, വിഭാഗ് സഹകാര്യവാഹ് കെ. സുധീർ, വിഭാഗ് സംഘചാലക് വി.കെ സോമസുന്ദരം, ജില്ലാ സംഘചാലക് എം അരവിന്ദാക്ഷൻ, കഞ്ചിക്കോട് ഖണ്ഡ് സഹസംഘചാലക് സി ശശികുമാർ എന്നിവർ സംസാരിച്ചു.












