ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളിൽ വിദേശ ധനസഹായം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചു.മദ്രസയിലെത്തുന്ന വിദേശ ഫണ്ടുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും നിയമവിരുദ്ധമായ മതപരിവർത്തനത്തിനും കാരണമാകുമെന്ന് സംശയം ഉയർന്നിരുന്നു. മദ്രസകൾ, പ്രത്യേകിച്ച് നേപ്പാളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ, ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
പിന്നാലെ മദ്രസകളിലെ വിദേശ ധനസഹായം ദുരുപയോഗം ചെയ്യുന്നത് പരിശോധിക്കാൻ എഡിജി എടിഎസ് (ആന്റി ടെററിസം സ്‌ക്വാഡ്) മോഹിത് അഗർവാളിന്റെ നേതൃത്വത്തിൽ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകുകയായിരുന്നു.
എസ്പി സൈബർ ക്രൈം എസ്പി പ്രൊഫ.ത്രിവേണി സിംഗ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ജെ. റീഭ എന്നിവർ അംഗങ്ങളാണ്. രജിസ്റ്റർ ചെയ്യാത്ത നാലായിരത്തിലധികം മദ്രസകളുമായി ബന്ധപ്പെട്ട വിദേശ ധനസഹായം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെയാണ് സമഗ്രമായ അന്വേഷണം ആരംഭിച്ചത്.
സംസ്ഥാനത്ത് 16,513 അംഗീകൃത മദ്രസകളും 8,500 അംഗീകൃതമല്ലാത്ത മദ്രസകളുമുണ്ട്. 25,000 മദ്രസകളിലുടനീളമുള്ള ഫണ്ടിംഗ് ചാനലുകളെക്കുറിച്ചാണ് എസ്‌ഐടി അന്വേഷണം നടത്തുക.
സമീപ വർഷങ്ങളിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ജില്ലകളായ ബൽറാംപൂർ, സിദ്ധാർത്ഥനഗർ, ശ്രാവസ്തി, ബഹ്‌റൈച്ച്, ലഖിംപൂർ ഖേരി, പിലിഭിത് എന്നിവിടങ്ങളിൽ മദ്രസകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Discussion about this post