ടെഹ്‌റാൻ: ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് മർദ്ദനമേറ്റ 16 കാരിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോർട്ട്. ഇറാനിലാണ് സംഭവം. ഈ കഴിഞ്ഞ ഒക്ടോബർ 3ന് ടെഹ്റാനിൽ ഒരു മെട്രോ ട്രെയിനിൽ വച്ചാണ് അർമിത ഗെരാവന്ദ് എന്ന പെൺകുട്ടിക്ക് രാജ്യത്തെ ഹിജാബ് നിയമങ്ങൾ ലംഘിച്ചതിന് സദാചാര പോലീസിന്റെ മർദ്ദനമേറ്റത്. ബോധരഹിതയായ പെൺകുട്ടി കോമയിലായിരുന്നു.എന്നാൽ പെൺകുട്ടി കോമയിലായത് രക്തസമ്മർദ്ദം കുറഞ്ഞ് ബോധരഹിതയായി വീണപ്പോൾ ട്രെയിനിന്റെ കമ്പനിയിൽ ഇടിച്ചെന്നുമാണ് സർക്കാർ വാദം.
കഴിഞ്ഞ വർഷം സെപ്തംബറിൽ, ഹിജാബ് ധരിച്ചില്ലെന്ന പേരിൽ സദാചാര പൊലീസിന്റെ മർദ്ദനമേറ്റ മഹ്‌സ അമിനി ( 22)? എന്ന യുവതിയുടെ മരണം രാജ്യത്ത് വൻ പ്രക്ഷോഭങ്ങൾക്ക് കാരണമായിരുന്നു. ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ അറസ്റ്റിലായ മഹ്‌സയ്ക്ക് കസ്റ്റഡിയിലിരിക്കെ തലയ്ക്ക് ക്ഷതമേറ്റു. തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. ഇതിന് പിന്നാലെ നിരവധി പ്രക്ഷോഭങ്ങൾ ഭരണകൂടത്തിനെതിരെ ഉടലെടുത്തെങ്കിലും നിർബന്ധിത ഹിജാബ് നിയമം ഉപേക്ഷിക്കാൻ ഇറാൻ ഭരണകൂടം തയ്യാറായില്ല.
ഇതിന് പിന്നാലെ വസ്ത്ര നിയമം ലംഘിക്കുന്ന സ്ത്രീകൾക്കുള്ള ജയിൽ ശിക്ഷ ഇറാൻ കടുപ്പിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്ക് ഹിജാബ് ബിൽ പ്രകാരം ഇനി മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. മൂന്ന് വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നിയമം നടപ്പാക്കാനാണ് പാർലമെൻറ് അനുമതി നൽകിയത്. 152 പേർ ഹിജാബ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 34 പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ ഏഴ് പേർ വിട്ടുനിന്നു. മതപണ്ഡിതരും നിയമവിദഗ്ധരും അടങ്ങുന്ന മേൽനോട്ട സമിതിയായ ഗാർഡിയൻ കൗൺസിൽ ബില്ലിന് അംഗീകാരം നൽകുമ്പോൾ മാത്രമേ നിയമമാകൂ.
Discussion about this post