ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ തോൽപിച്ച അഫ്ഗാൻ ടീമിനൊപ്പം ഗ്രൗണ്ടിലിറങ്ങി നൃത്തം ചെയ്ത് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ചെന്നൈ ചെപ്പോക് സ്‌റ്റേഡിയത്തിലായിരുന്നു ക്രിക്കറ്റ് പ്രേമികളെ കൈയ്യിലെടുത്ത അപ്രതീക്ഷിത നൃത്തം.
സ്റ്റാർ സ്‌പോർട്‌സിന് വേണ്ടി മത്സരത്തിന് ശേഷമുളള വിശകലനത്തിനായി എത്തിയതായിരുന്നു ഇർഫാൻ ഖാൻ. പാകിസ്താനെ തോൽപിച്ച് വിജയാഹ്ലാദത്തിൽ ഗ്രൗണ്ടിൽ നിന്ന് തിരിച്ചെത്തിയ അഫ്ഗാൻ താരങ്ങളുടെ പ്രതികരണം ചോദിക്കാനും കളിയെക്കുറിച്ച് അവരുടെ അഭിപ്രായം തേടാനുമാണ് മൈക്കുമായി ഇർഫാൻ പഠാൻ ഗ്രൗണ്ടിലിറങ്ങിയത്.
അഫ്ഗാൻ ഓൾ റൗണ്ടർ റാഷിദ് ഖാനൊപ്പമായിരുന്നു തനി ഗുജറാത്തി സ്റ്റൈലിൽ ഇർഫാൻ പഠാന്റെ നൃത്തം. ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസിന്റെ ഓൾ റൗണ്ടർ കൂടിയാണ് റാഷിദ് ഖാൻ. ഇർഫാന്റെ ചുവടുകൾക്കൊപ്പം റാഷിദും മനോഹരമായി നൃത്തം ചെയ്തു. റാഷിദിന് ഒപ്പമുണ്ടായിരുന്ന മറ്റ് താരങ്ങൾ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാമായിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് പാകിസ്താനെ അഫ്ഗാനിസ്ഥാൻ അട്ടിമറിച്ചത്. ഇത് ആദ്യമായിട്ടാണ് ഏകദിനത്തിൽ പാകിസ്താനെ അഫ്ഗാൻ പരാജയപ്പെടുത്തുന്നത്. ഈ ലോകകപ്പിലെ അഫ്ഗാന്റെ രണ്ടാമത്തെ അട്ടിമറി വിജയമാണിത്.
Discussion about this post