റായ്പൂർ : കോൺഗ്രസ് സർക്കാർ ഛത്തീസ്ഗഢിലെ കർഷകരെ വഞ്ചിക്കുകയാണെന്നും അഞ്ചുവർഷമായി കർഷകർ കടക്കെണിയിലാണെന്നും മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺ സിംഗ്. കഴിഞ്ഞ അഞ്ചുവർഷക്കാലമായി പൊള്ളയായ വാഗ്ദാനങ്ങൾ നൽകി സംസ്ഥാനത്തെ കർഷകരെയും പൊതുജനങ്ങളെയും കബിളിപ്പിക്കുകയാണ്. കോടികളുടെ കടത്തിലാണ് കർഷകരെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയാലുടൻ തന്നെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നു വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഒന്നും പാലിച്ചില്ല. നമ്മുടെ കർഷകർ എത്ര ശക്തരാണോ അത്രത്തോളം നമ്മുടെ സമ്പദ്‌വ്യവസ്ഥയും ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.പക്ഷെ ഇനി ജനങ്ങൾ കോൺഗ്രസിനെ വിശ്വസിക്കില്ല. കാരണം അവർ നേരത്തെ പ്രഖ്യാപിച്ചത് വായ്പകൾ എഴുതി തള്ളുമെന്നാണ്.മദ്യനിരോധനം നടപ്പാക്കുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകിയിട്ട് കോവിഡ് സമയത്ത് ഹോം ഡെലിവറി നടത്തിയവരാണ് കോൺഗ്രസ് സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.
ഛത്തീസ്ഗഢിലെ 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. 20 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 7 നും ബാക്കിയുള്ള 70 സീറ്റുകളിലേക്ക് നവംബർ 17 നും ആയിരിക്കും വോട്ടെടുപ്പ് നടക്കുക.
Discussion about this post