നാഗ്പൂർ : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം ഭക്തർക്കായി ഉടൻ തുറക്കുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ജനുവരി 22 ന് ക്ഷേത്രത്തിൽ ശ്രീരാമവിഗ്രഹം സ്ഥാപിക്കും. ഒരു രാജ്യത്തിന്റെ പ്രയത്‌നങ്ങളെ ആ രാജ്യത്തിന്റെ ആശയമാണ് മുന്നോട്ട് നയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ നടന്ന ആർഎസ്എസ് ജന്മദിന ആഘോഷപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഭരണഘടനയുടെ ഒറിജിനൽ പകർപ്പിന്റെ ഒരു പേജിൽ ചിത്രീകരിച്ചിരിക്കുന്ന ശ്രീരാമലല്ലയ്ക്കായി ഇന്ന് അയോദ്ധ്യയിൽ ഒരു ക്ഷേത്രം നിർമ്മിക്കുകയാണ്. 2024 ജനുവരിയിൽ ക്ഷേത്രത്തിൽ ശ്രീരാമ വിഗ്രഹം സ്ഥാപിക്കും. ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരോരുത്തരുടെയും മനസ്സിലെ രാമനെ ഉണർത്തുകയും മനസ്സിന്റെ അയോദ്ധ്യയെ അലങ്കരിക്കുകയും സമൂഹത്തിൽ വാത്സല്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും എന്നും ഡോ മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിക്കും. ജനുവരി 14 ന് മകരസംക്രാന്തിക്ക് ശേഷം പ്രതിഷ്ഠ കർമ്മങ്ങൾ ആരംഭിക്കും. പ്രാൻ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പത്ത് ദിവസം പൂജാ കർമ്മങ്ങൾ ആചരിക്കാനും ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിട്ടണ്ട്.
Discussion about this post