ന്യൂയോർക്ക്: ലഷ്‌കർ ഭീകരർ മുംബൈയിൽ നടത്തിയതും ഹമാസ് ഇസ്രായേലിൽ നടത്തിയതും നിയമവിരുദ്ധവും നീതികരിക്കാനാകാത്തതുമായ തീവ്രവാദ പ്രവൃത്തിയാണെന്ന് യുഎസ്. ഭീകരസംഘങ്ങൾക്ക് അംഗരാജ്യങ്ങൾ പരിശീലനം നൽകുന്നതും ആയുധങ്ങളും ഫണ്ടും നൽകുന്നതും തളളിപ്പറയേണ്ട ഉത്തരവാദിത്വം യുഎന്നിന് ഉണ്ടെന്നും യുഎസ് വ്യക്തമാക്കി.
ഭീകരവാദികൾ ജനങ്ങളെ ലക്ഷ്യമിടുന്നത് നീതീകരിക്കാനാകില്ലെന്ന് യുഎൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. നെയ്‌റോബിയോ ബാലിയോ ഇസ്താംബൂളോ മുംബൈയോ എവിടെയായാലും ജനങ്ങളെ ലക്ഷ്യമിട്ടാൽ അത് തന്നെയാകും യുഎൻ നിലപാട്. ഐഎസ്‌ഐഎസ് ആയാലും ബൊക്കോ ഹറാം ആയാലും അൽ ഷബാബോ ലഷ്‌കർ ഇ ത്വായ്ബയോ ആയാലും ഹമാസ് ആണെങ്കിലും അതിൽ മാറ്റമുണ്ടാകില്ലെന്നും ബ്ലിങ്കൺ പറഞ്ഞു.
യുഎൻ സുരക്ഷാ കൗൺസിലിന്റെ മന്ത്രിതല യോഗത്തിലാണ് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ നിലപാട് വ്യക്തമാക്കിയത്. അതുപോലെ ഇത്തരം ഭീകരപ്രവൃത്തികൾ ആവർത്തിക്കാതിരിക്കുന്നത് തടയാനും സ്വയം പ്രതിരോധിക്കാനുമുളള ഏത് രാജ്യത്തിന്റെയും അവകാശങ്ങൾ ഉറപ്പാക്കണംമെന്നും ബ്ലിങ്കൺ ആവശ്യപ്പെട്ടു. യുഎന്നിൽ അംഗമായ ഒരു രാജ്യത്തിനും സ്വന്തം പൗരൻമാരെ കൊല ചെയ്യുന്നത് ക്ഷമിക്കാനാകില്ലെന്നും ബ്ലിങ്കൺ കൂട്ടിച്ചേർത്തു.
Discussion about this post